വിമാനയാത്രികരുടെ ബാഗേജിൽനിന്ന് സാധനങ്ങൾ നഷ്ടമാകുന്നു, എവിടെനിന്ന്?
text_fieldsകരിപ്പൂർ: വിമാനയാത്രികരുടെ ബാഗേജിൽനിന്ന് സാധനങ്ങൾ നഷ്ടമാകുന്ന പരാതി ആവർത്തിക്കുന്നു. എവിടെനിന്നാണ് നഷ്ടമാകുന്നതെന്ന വിഷയത്തിൽ അവ്യക്തത തുടരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് വിമാനത്താവളം വഴി സഞ്ചരിച്ച രണ്ടു യാത്രികർക്ക് നഷ്ടമായത് പണവും സ്വർണവുമാണ്. പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
സമാന പരാതികൾ ഇടക്കിടെ വരാറുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ദൃശ്യങ്ങളിൽ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ജിദ്ദയിൽനിന്ന് എയർഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിലെത്തിയ മമ്പാട് സ്വദേശിനിക്ക് നഷ്ടമായത് രണ്ട് പവൻ സ്വർണവും 10,000 രൂപയുമാണ്.
തൊട്ടടുത്ത ദിവസം എയർഇന്ത്യ എക്സ്പ്രസിൽതന്നെ കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് ഉംറ തീർഥാടനത്തിന് പുറപ്പെട്ട നാദാപുരം സ്വദേശിയുടെ ബാഗേജിൽനിന്നാണ് പണം നഷ്ടമായത്. 5000 സൗദി റിയാൽ, 1000 ഖത്തർ റിയാൽ, 750 അമേരിക്കൻ ഡോളർ, കൂടാതെ പഴ്സിൽ സൂക്ഷിച്ചിരുന്ന ഒമാൻ കറൻസി, യു.എ.ഇ ദിർഹം, ഖത്തർ ഐ.ഡി കാർഡ്, ഖത്തർ ഡ്രൈവിങ് ലൈസൻസ് എന്നിവയും നഷ്ടമായി.
പഴ്സും ബാഗേജിലായിരുന്നു സൂക്ഷിച്ചത്. ജിദ്ദ വിമാനത്താവളത്തിൽ പരാതിപ്പെട്ടപ്പോൾ കരിപ്പൂരിലും വിമാന കമ്പനിക്കും പരാതി നൽകാനായിരുന്നു നിർദേശം ലഭിച്ചതെന്ന് ഇദ്ദേഹത്തിന്റെ മകനായ പി. അജ്മൽ പറഞ്ഞു. തുടർന്ന് കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും കണ്ടെത്താനായിട്ടില്ല.
വിമാന കമ്പനിയോട് വിഷയം ഉന്നയിച്ചിട്ടും നല്ല രീതിയിലായിരുന്നില്ല പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാതികൾ ഒഴിവാക്കാൻ വിമാനത്താവളത്തിൽ എല്ലായിടത്തും കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിമാനത്താവള അതോറിറ്റിയുടെ പ്രതികരണം.
പൊലീസ് പറയുന്നതിങ്ങനെ...
പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി കാമറകൾ പരിശോധിക്കാറുണ്ടെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താൻ സാധിക്കാറില്ല. കരിപ്പൂരിലും മറ്റു വിമാനത്താവളങ്ങളിലും ടെർമിനലുകളിലേക്ക് ബാഗേജുകൾ പ്രവേശിക്കുന്നത് മുതലാണ് കാമറ നിരീക്ഷണം ആരംഭിക്കുന്നത്. വിമാനങ്ങളിലേക്ക് ബാഗേജുകൾ കയറ്റുമ്പോഴും ഇറക്കുന്ന സമയങ്ങളിലും കാമറ പരിധിയിയിൽ വരുന്നില്ല. ഈ സമയങ്ങളിലാകാം മോഷണം നടക്കാൻ സാധ്യതയുള്ളതെന്ന് പൊലീസ് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.