സാധനങ്ങൾ കിട്ടാനില്ല, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം താളംതെറ്റുന്നു
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ പൊതുജനങ്ങൾക്ക് താങ്ങായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം താളംതെറ്റുന്നു. സാധനങ്ങളുടെ ലഭ്യതക്കുറവും പാക്കിങ്ങിലെ താമസവും മൂലം മുൻഗണനവിഭാഗങ്ങൾക്കുള്ള കിറ്റ് പോലും സമയബന്ധിതമായി റേഷൻ കടകളിലെത്തിക്കാൻ ഭക്ഷ്യവകുപ്പിന് കഴിഞ്ഞില്ല.
പിങ്ക് കാർഡുകാർക്കുള്ള വിതരണം ചൊവ്വാഴ്ചയോടെ പൂർത്തിയാക്കണമെന്നിരിക്കെ ഭൂരിഭാഗം താലൂക്കുകളിലും 40 ശതമാനം കിറ്റ് മാത്രമാണ് കടകളിൽ എത്തിക്കാനായത്. ഇതോടെ ഈ മാസം 15ന് പൂർത്തിയാക്കേണ്ട സെപ്റ്റംബറിലെ കിറ്റ് വിതരണം നീട്ടിയേക്കും. മഞ്ഞ കാർഡുകാർക്കുള്ള കിറ്റ് വിതരണം സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കിയിരുന്നു. ചെറുപയർ, കടല തുടങ്ങിയവയുടെ ലഭ്യതക്കുറവാണ് സപ്ലൈകോയെ വലക്കുന്നത്.
നാഫെഡിനെയാണ് സംഭരണത്തിന് ചുമതലപ്പെടുത്തിയിരുന്നതെങ്കിലും അവർക്കും സാധനങ്ങൾ കൃത്യമായി ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. പാക്കിങ്ങിന് മതിയായ ജീവനക്കാരില്ലാത്തതും തലവേദനയായി.
കിറ്റുകൾ കടകളിൽ എത്തിച്ചതായി കാണിച്ച് ഉദ്യോഗസ്ഥർ ഇ-പോസ് മെഷീനിലും സർക്കാർ വെബ്സൈറ്റിലും മുൻകൂറായി അപ്ലോഡ് ചെയ്യുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇത് വ്യാപാരികളെ കാർഡുടമകൾക്ക് മുന്നിൽ കള്ളന്മാരാക്കുന്നതാണെന്നും ക്രമവിരുദ്ധ നടപടി അവസാനിപ്പിക്കാൻ ഭക്ഷ്യമന്ത്രി മുൻകൈ എടുക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ആവശ്യപ്പെട്ടു.
ബിൽ ചോദിച്ച് വാങ്ങണം
തിരുവനന്തപുരം: റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്ന കാർഡുടമകൾ നിർബന്ധമായും ബിൽ ചോദിച്ച് വാങ്ങണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ്. വാങ്ങിയ സാധനങ്ങളും വാങ്ങാൻ ബാക്കിയുള്ള സാധനങ്ങളുടെ വിവരവും ബില്ലിലുണ്ടാവും. സാധനങ്ങളുടെ വിലയും അളവും ശരിയാണോയെന്ന് ബില്ലിൽ ഒത്തുനോക്കണം. ക്രമക്കേട് കണ്ടെത്തിയാൽ താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിങ് ഇൻസ്പെക്ടർ എന്നിവരുടെ നമ്പറിൽ വിവരമറിയിക്കണം. പലയിടങ്ങളിലും വ്യാപാരികൾ ബിൽ നൽകാെത കേന്ദ്ര സർക്കാറിെൻറ സ്പെഷൽ റേഷൻ അടക്കം മറിച്ച് വിൽക്കുെന്നന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.