വിജ്ഞാപനം വന്നിട്ട് 18 വർഷം; നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി നിർണയിച്ചിട്ടില്ല ഇപ്പോഴും...
text_fieldsഇടുക്കി: വിജ്ഞാപനം വന്ന് 18 വർഷം കഴിഞ്ഞിട്ടും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് അതിർത്തി നിർണയിക്കാനാകാതെ നീലക്കുറിഞ്ഞി സങ്കേതം. സെറ്റിൽമെന്റ് ഓഫിസർമാരും സ്പെഷൽ ഓഫിസർമാരും മാറി മാറി വന്നെങ്കിലും ആരും കുറിഞ്ഞി സങ്കേതത്തിന്റെ അതിര് നിശ്ചയിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല.
1972ലെ വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം 2006ലാണ് വനംവകുപ്പ് ദേവികുളം താലൂക്കിലെ 3200 ഹെക്ടർ ഭൂമി നീലക്കുറിഞ്ഞി സങ്കേതത്തിനായി ഉദ്ദേശവിജ്ഞാപനം പുറപ്പെടുവിച്ചത്. വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62, കൊട്ടക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58 എന്നിവയിൽപെട്ട പട്ടയഭൂമി ഒഴിവാക്കിയായിരുന്നു വിജ്ഞാപനം. തുടർന്ന് 2015ലാണ് ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫിസറായി ദേവികുളം ആർ.ഡി.ഒയെ നിയമിച്ചത്.
വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശത്തെ ജനങ്ങളുടെ ഭൂമിയിന്മേലുള്ള അവകാശങ്ങൾ പരിശോധിക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും സെറ്റിൽമെന്റ് ഓഫിസർക്ക് അധികാരം നൽകിയിരുന്നു. ഇതുകൂടാതെ പട്ടയഭൂമികൾ ഒഴിവാക്കിയുള്ള ഭൂമിയുടെ അതിരുകൾ പുനർനിർണയം ചെയ്ത് കുറിഞ്ഞിമല സങ്കേതത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ 2018ലും 2020ലും റവന്യൂ വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചു. തുടർന്ന് ലാൻഡ് റവന്യൂ ജോയന്റ് കമീഷണറായിരുന്ന ഡോ. എ. കൗശികനെ സ്പെഷൽ ഓഫിസറായി 2020ൽ നിയമിച്ചു. എന്നാൽ, റവന്യൂ ഹെഡ് ഓഫിസിൽ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ജില്ലയിലുള്ള ഈ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻ സാധിച്ചില്ല. ഇതോടെ ദേവികുളം സബ് കലക്ടർക്ക് സങ്കേതത്തിന്റെ അധിക ചുമതല നൽകി 2022ൽ ഉത്തരവായി. എന്നാൽ, ഇതുവരെ കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റിൽമെന്റ് നടപടികൾ പൂർത്തീകരിക്കാനായില്ല.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകൾ നിർണയിക്കുക, ഭൂമി പ്രശ്നം പരിഹരിക്കുക, സർവേ നടത്തുക, പട്ടയങ്ങളുടെ ആധികാരികത പരിശോധിക്കുക, ഉദ്ദേശവിജ്ഞാപനത്തിൽപെട്ട ഭൂമിയിൽ താമസിച്ച് കൃഷിചെയ്ത് വരുന്നവരെ ഒഴിപ്പിക്കാതെ അവർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുക, ഒഴിപ്പിക്കേണ്ടവരുണ്ടെങ്കിൽ ഇതിന് നടപടിയെടുക്കുക എന്നിവയാണ് പരിഹരിക്കപ്പെടേണ്ട പ്രധാനപ്പെട്ട പ്രശ്നങ്ങൾ. ഇതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വനഭൂമിയും പട്ടയഭൂമിയും തിട്ടപ്പെടുത്തേണ്ടതുണ്ട്.
കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ റവന്യൂ, വനംവകുപ്പ്, സർവേ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സ്ഥലം എം.എൽ.എയുടെ സാന്നിധ്യത്തിൽ അടിയന്തരമായി യോഗം വിളിക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം വന്നിട്ട് ഒരുമാസത്തിലേറെയായി.
സങ്കേതത്തിന്റെ സെറ്റിൽമെന്റ് ഓഫിസറായി പ്രത്യേക ചുമതല നൽകി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലാണെന്നും വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില നിയമ പ്രശ്നങ്ങളിൽ അഡ്വക്കറ്റ് ജനറലിനോട് സ്പെഷൽ ഓഫിസർ ആവശ്യപ്പെട്ട നിയമോപദേശം അടിയന്തരമായി ലഭ്യമാക്കാൻ നടപടിയുണ്ടാകുമെന്നതടക്കം റവന്യൂ മന്ത്രിയുടെ ഉറപ്പും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.