ചൂട് കൂടുന്നു; 100 ദശലക്ഷം യൂനിറ്റ് കടന്ന് വൈദ്യുതി ഉപയോഗം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വൈദ്യുതി ഉപയോഗത്തിലും വൻ വർധന. പ്രതിദിന വൈദ്യുതി ഉപയോഗം ഇക്കൊല്ലം ആദ്യമായി 100 ദശലക്ഷം യൂനിറ്റ് കടന്നു. ചൊവ്വാഴ്ചയിലെ ഉപയോഗമാണ് 100.8447 ദശലക്ഷം യൂനിറ്റിലെത്തിയത്. പീക്ക് സമയ ഉപയോഗവും 5122 മെഗാവാട്ടിലെത്തി.
പീക്ക് സമയത്തെ ഇക്കൊല്ലത്തെ ഇതുവരെയുള്ള ഉയർന്ന ഉപയോഗമാണിത്. ജല പദ്ധതികളിൽ നിന്നുള്ള 18 ദശലക്ഷം യൂനിറ്റടക്കം അഭ്യന്തര ഉൽപാദനം 20.0815 ദശലക്ഷം യൂനിറ്റ് മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ 80.7632 ദശലക്ഷം യൂനിറ്റും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഇതേ ദിവസത്തെ പ്രതിദിന ഉപയോഗം 96 ദശലക്ഷം യൂനിറ്റായിരുന്നു. 4873 മെഗാവാട്ടുമായിരുന്നു അന്നത്തെ പീക്ക് സമയ ആവശ്യകത.
ചൂട് ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ ഡാമുകളിലെ ഉൽപാദനം ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വേനൽക്കാലത്തെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം ഇക്കുറി വലിയ തോതിൽ ഉയരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വേനൽ ആരംഭിച്ച ശേഷം എ.സിയുടെയും മറ്റും വിൽപന വലിയ തോതിൽ നടന്നിരുന്നു.
കഴിഞ്ഞ വർഷത്തെ 115.94 ദശലക്ഷം യൂനിറ്റെന്ന പ്രതിദിന ഉപഭോഗത്തിലെയും 5797 എന്ന പീക്ക് സമയ ആവശ്യത്തിലെയും റെക്കോഡ് ഇക്കുറി നേരത്തേ തന്നെ മറികടക്കാനാണ് സാധ്യത. ഇത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ കെ.എസ്.ഇ.ബിയും ഊർജ വകുപ്പും നടത്തുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിൽ ആശങ്കയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.