മഴക്കാലമാണ്, ഗൂഗ്ൾ മാപ് ‘ട്രാപ്’ ആകും
text_fieldsയാത്രപ്രിയരുടെ ചങ്കാണ് ഗൂഗ്ൾ മാപ്. ഏത് സമയത്തും വഴി കാണിക്കാൻ ഗൂഗ്ൾ മാപ്പിനെ പോലെ സഹായകരമായ മറ്റൊരു ആപ്പില്ല. പക്ഷെ, ഗൂഗ്ൾ മാപ് ഉപയോഗിച്ച് വഴി തെറ്റി അപകടത്തിൽപെടുന്നത് ഏറിയിരിക്കുന്നു. അതുകൊണ്ട് മഴക്കാലത്ത് ഗൂഗ്ൾ മാപ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ‘എക്സ്ട്ര’ ശ്രദ്ധ വേണം. കനത്ത മഴ പെയ്ത് പല വഴികളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
ഈസി വഴി വേണ്ട
എളുപ്പ വഴിയെന്ന് ഗൂഗ്ൾ മാപ് കാണിക്കുന്നതിൽ പലതും ഗതാഗതക്കുരുക്കില്ലാത്ത റൂട്ടുകളാണ്. പക്ഷെ ഈ റോഡുകൾ സുരക്ഷിതമായിക്കൊള്ളണമെന്നില്ല. മണ്ണിടിച്ചിൽ, വെള്ളം കയറൽ തുടങ്ങിയവ കാരണം ഗതാഗതം കുറവുള്ള വഴികളായിരിക്കും ഇവ. ഇക്കാര്യങ്ങളൊന്നും ഗൂഗ്ൾ മാപ് പറയില്ല.
നെറ്റ്വർക്ക് ഇല്ലെങ്കിൽ ‘പെടും’
രാത്രി യാത്ര ചെയ്യുന്നതിനിടെ നെറ്റ്വർക്ക് ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലത്ത് പെട്ടുപോയാൽ എന്തായിരിക്കും അവസ്ഥ? തിരിച്ചുവരാൻ ശ്രമിച്ചാൽ ഒരുപക്ഷെ വഴി തെറ്റാനും സാധ്യതയുണ്ട്. അതുകൊണ്ട് ഗൂഗ്ൾ മാപ്പിൽ റൂട്ട് സേവ് ചെയ്തുവെക്കുക.
വാഹന മോഡ് തിരഞ്ഞെടുക്കൂ...
ഏത് വാഹനത്തിലാണ് യാത്ര ചെയ്യുന്നതെന്ന് ഗൂഗ്ൾ മാപ്പിൽ തിരഞ്ഞെടുക്കാൻ മറക്കരുത്. കാറിൽ യാത്ര ചെയ്യുന്നവർ ബൈക്ക് മോഡ് തിരഞ്ഞെടുത്താൽ വഴിയിൽ കുടുങ്ങും. കാരണം ചില റോഡുകൾ ബൈക്കുകൾക്ക് മാത്രമുള്ളതാണ്.
ട്രാഫിക് ജാം അറിയിക്കാം
പോകുന്ന വഴിയിൽ ഗാതാഗതക്കുരുക്ക് പോലുള്ള പ്രശ്നങ്ങൾ കണ്ടാൽ ഗൂഗ്ൾ മാപ്പിൽ റിപ്പോർട്ട് ചെയ്യാം. നിങ്ങൾ നൽകിയ വിവരം അതുവഴി വരാൻ പ്ലാൻ ചെയ്ത മറ്റു യാത്രക്കാരെ സഹായിച്ചേക്കാം. തെറ്റായ സ്ഥലപ്പേരുകളും സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് ചേർക്കാത്തതും ഗൂഗിളിനെ അറിയിക്കാം.
വഴിയിൽ കുടുങ്ങിയാൽ
ഗൂഗ്ൾ മാപ് കാരണം വഴിയിൽ കുടുങ്ങിയാൽ ആദ്യം ചെയ്യേണ്ടത് പൊലീസിനെ ബന്ധപ്പെടുകയാണ്. വഴിയെ പോകുന്നവരോട് സഹായം തേടിയാൽ അത് കൃത്യമായിക്കൊള്ളണമെന്നില്ല. പൊലീസ് സഹായത്തിന് 112ൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.