സംവരണ അട്ടിമറി: അലോട്ട്മെൻറ് റദ്ദാക്കുന്നത് രണ്ടാം തവണ
text_fieldsതിരുവനന്തപുരം: ഗുരുതര ക്രമക്കേടിനെ തുടർന്ന് സംസ്ഥാനത്ത് എൻജിനീയറിങ് അലോട്ട്മെന്റ് റദ്ദാക്കുന്നത് രണ്ടാംതവണ. 2020ലാണ് അന്തിമ അലോട്ട്മെന്റ് പട്ടിക പിൻവലിക്കേണ്ടി വന്നത്. അന്ന് ന്യൂനപക്ഷ പദവി മറികടന്ന് മുന്നാക്ക സംവരണം നടപ്പാക്കിയത് ചൂണ്ടിക്കാട്ടി മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അലോട്ട്മെന്റ് റദ്ദാക്കിയത്.
അലോട്ട്മെന്റിൽ പിഴവില്ലെന്ന് പ്രവേശന പരീക്ഷാ കമീഷണറേറ്റ് വാദം ഉന്നയിച്ചെങ്കിലും മാധ്യമം വാർത്ത വന്നതോടെ പട്ടിക ഒന്നടങ്കം റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടേണ്ടിവരികയായിരുന്നു.
ഇത്തവണ സംവരണ വിഭാഗങ്ങളെ സംവരണ സീറ്റിൽ മാത്രം ഒതുക്കാനായി േഫ്ലാട്ടിങ് സംവരണം നിർത്തലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് രഹസ്യ സർക്കുലർ പ്രവേശന പരീക്ഷാ കമീഷണറേറ്റിന് നൽകിയതും മാധ്യമം ആണ് പുറത്തുകൊണ്ടുവന്നത്. സംവരണ വിഭാഗങ്ങൾക്ക് വൻ സീറ്റ് നഷ്ടം സംഭവിക്കുമെന്നും വ്യക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് സർക്കുലർ നടപ്പാക്കുന്നത് തടഞ്ഞു. 2019ൽ മെഡിക്കൽ പ്രവേശനത്തിന് മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ ഇതര സംവരണ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട സർക്കാർ മെഡിക്കൽ കോളജുകളിലെ 21 എം.ബി.ബി.എസ് സീറ്റുകൾ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് നൽകിയതും മാധ്യമം വാർത്തയെ തുടർന്ന് റദ്ദാക്കിയിരുന്നു.
എൻജിനീയറിങ്: സംവരണ വിഭാഗങ്ങൾക്ക് തിരികെ ലഭിച്ചത് ആയിരത്തോളം സീറ്റ്
തിരുവനന്തപുരം: സംവരണം അട്ടിമറിച്ചുള്ള മൂന്നാം അലോട്ട്മെന്റ് നടപടി റദ്ദാക്കിയതിലൂടെ ഒ.ബി.സി, എസ്.സി വിഭാഗങ്ങൾക്ക് തിരികെ ലഭിക്കുന്നത് സർക്കാർ കോളജിലേത് ഉൾപ്പെടെ നൂറുകണക്കിന് എൻജിനീയറിങ് സീറ്റ്. കേരളത്തിൽ റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങിൽ മാത്രം 27 വിദ്യാർഥികളെയാണ് അർഹതയുണ്ടായിട്ടും സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റാതെ സംവരണ സീറ്റിൽ ഒതുക്കിയത്. ഇവർ മെറിറ്റ് സീറ്റിലേക്ക് മാറുന്നതോടെ അതേ സംവരണ വിഭാഗത്തിലെ അത്രയും വിദ്യാർഥികൾക്ക് സംവരണ സീറ്റിലേക്ക് അധികമായി വരാൻ കഴിയുമായിരുന്നു. ഇതിനുള്ള അവസരമാണ് തടയാൻ ശ്രമം നടന്നത്.
ഒമ്പത് സർക്കാർ കോളജുകളിൽനിന്നായി ഏകദേശം 300 ലധികം സീറ്റാണ് സംവരണ വിഭാഗം വിദ്യാർഥികൾക്ക് നഷ്ടപ്പെടേണ്ടിയിരുന്നത്. സീറ്റ് ഡിമാന്റുള്ള പ്രധാന സ്വാശ്രയ കോളജുകൾ കൂടി പരിഗണിക്കുമ്പോൾ ഈ സീറ്റ് നഷ്ടം ആയിരത്തോളം വരുമെന്നാണ് ഏകദേശ കണക്ക്. ഇത്രയും സീറ്റ് സംവരണ വിഭാഗത്തിനു നഷ്ടപ്പെടുന്നതാണ് ‘മാധ്യമം’ വാർത്തയിലൂടെ തടയപ്പെട്ടത്.
പുതുക്കിയ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ തിരുവനന്തപുരം സി.ഇ.ടിയിൽ മാത്രം 27 വിദ്യാർഥികളെ സംവരണ സീറ്റിൽ നിന്ന് മെറിറ്റ് സീറ്റിലേക്ക് മാറ്റി. പകരം 27 പേർക്ക് സംവരണ സീറ്റിൽ അലോട്ട്മെന്റായി.
ഇതിൽ 10 പേർ മുസ്ലിം വിദ്യാർഥികളും എട്ടു പേർ ഈഴവ വിഭാഗത്തിൽനിന്നും രണ്ടു പേർ പിന്നാക്ക ഹിന്ദു വിഭാഗത്തിൽ നിന്നുമാണ്. ഇതിന് പുറമെ വിശ്വകർമ, ലാറ്റിൻ കാത്തലിക്, പിന്നാക്ക കൃസ്ത്യൻ, എസ്.സി വിഭാഗങ്ങൾക്കും വിവിധ സർക്കാർ കോളജുകളിൽ അർഹതപ്പെട്ട സീറ്റ് തിരികെ ലഭിച്ചു.
രണ്ടായിരത്തിലേറെ പേരുടെ പ്രവേശനം മാറിമറിഞ്ഞു; പാതിവഴിയിൽ കുരുങ്ങി വിദ്യാർഥികളും രക്ഷിതാക്കളും
തിരുവനന്തപുരം: സംവരണ അട്ടിമറിയെ തുടർന്ന് എൻജിനീയറിങ് മൂന്നാം അലോട്ട്മെന്റ് പിൻവലിച്ച് പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ രണ്ടായിരത്തിലേറെ വിദ്യാർഥികളുടെ അലോട്ട്മെന്റിൽ മാറ്റം. താൽക്കാലിക അലോട്ട്മെന്റിൽ സർക്കാർ കോളജുകളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റുകളിലേക്ക് അലോട്ട് ചെയ്തവരിൽ നല്ലൊരു ശതമാനവും പുറത്തായി. പകരം ഈ സീറ്റുകളിലേക്ക് സംവരണ വിഭാഗത്തിൽനിന്ന് അർഹതയുള്ളവർക്ക് മാറ്റംലഭിച്ചു.
പല വിദ്യാർഥികൾക്കും കോഴ്സും കോളജും മാറിയിട്ടില്ലെങ്കിലും അലോട്ട്മെന്റ് നൽകിയ സീറ്റിലാണ് മാറ്റം. ഇവർക്ക് മെറിറ്റ് സീറ്റിലേക്ക് മാറ്റം ലഭിച്ചതോടെ ഒഴിഞ്ഞ സംവരണ സീറ്റിലേക്ക് അതേ സംവരണ വിഭാഗത്തിൽ നിന്നുള്ളവർക്ക് കയറ്റം ലഭിച്ചു. ഇതിനനുസൃതമായി ഇവർക്ക് പിറകിൽ നിൽക്കുന്നവർക്ക് കോളജിലോ കോഴ്സിലോ സീറ്റിലോ മാറ്റംവന്നു.
അതേസമയം, വ്യാഴാഴ്ച അർധരാത്രിയോടെ മൂന്നാം അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന വിശ്വാസത്തിൽ വെള്ളിയാഴ്ച കോളജിൽ പ്രവേശനം നേടാനായി പുറപ്പെട്ട ഒട്ടേറെ പേർ അലോട്ട്മെന്റ് റദ്ദാക്കിയതോടെ പെരുവഴിയിലായി.
ദൂരദിക്കുകളിൽനിന്ന് യാത്ര പുറപ്പെവർക്ക് വെള്ളിയാഴ്ച കോളജിൽ പ്രവേശനം നേടാനായതുമില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽ ഉൾപ്പെടെ വ്യാപക പരാതി എത്തിയതോടെയാണ് പുതുക്കിയ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.