മഞ്ചേശ്വരത്ത് ബി.ജെ.പി അംഗം 'ജയ് ശ്രീറാം' വിളിച്ചു; പ്രതിഷേധമായി 'അല്ലാഹു അക്ബർ' വിളിച്ച പ്രവർത്തകരെ ലീഗ് നേതൃത്വം പിന്തിരിപ്പിച്ചു
text_fieldsമഞ്ചേശ്വരം: തദ്ദേശസ്ഥാപന തെരെഞ്ഞെടുപ്പിൽ വിജയികളായവരുടെ സത്യപ്രതിജ്ഞ ചടങ്ങിനിടയിൽ ജയ് ശ്രീറാം വിളിയുമായി ബിജെപി പ്രതിനിധി. ഇതിൽ പ്രതിഷേധവുമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ അല്ലാഹു അക്ബർ വിളിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ ഇടപ്പെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് സത്യപ്രതിജ്ഞ ചടങ്ങ് പുനരാരംഭിക്കുകയും ചെയ്തു.
മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ ഉടലെടുത്തത്.പതിനേഴാം വാർഡായ അടുക്കയിൽ നിന്നും വിജയിച്ച ബിജെപി അംഗവും യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ കിഷോർ കുമാർ.ബി ദൈവനാമത്തിൽ സത്യപ്രതിജ്ഞ എടുത്തു കഴിഞ്ഞ ഉടനെയാണ് മൈക്കിലൂടെ ജയ് ശ്രീറാം വിളിച്ചത്.
ഈ സമയം വേദിയിലുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വരികയും അള്ളാഹു അക്ബർ വിളിക്കുകയുമായിരുന്നു. കിഷോർ കുമാർ അടക്കം നാല് പേരാണ് ബിജെപിയിൽ നിന്നും ജയിച്ചു വന്നത്. ഇയാൾക്ക് ശേഷം വന്ന ബിജെപി അംഗങ്ങൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവും, മത സൗഹാർദത്തിന് കോട്ടം സംഭവിക്കുന്നതാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗോൾഡൻ മൂസ കുഞ്ഞി വരണാധികാരിക്ക് പരാതി നൽകി.
ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ സംഘത്തിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ ടി എ മൂസ, പി എം സലീം, ഉമ്മർ അപ്പോളോ, മാദേരി അബ്ദുല്ല, ബി എം മുസ്തഫ, കെ. എഫ്. ഇഖ്ബാൽ എന്നിവർ പരാതി നൽകാൻ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.