ആരെയും പിണക്കാതെ ലീഗ്; പത്ത് പുതുമുഖങ്ങൾ
text_fieldsമലപ്പുറം/കോഴിക്കോട്: മുസ്ലിം ലീഗ് പട്ടിക പുറത്തുവന്നപ്പോൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന പാർലമെൻററി ബോർഡിലെ പാണക്കാട് ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ഒഴികെ മുഴുവൻ പേരും സ്ഥാനാർഥികൾ. സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്, അംഗങ്ങളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ എന്നിവർക്കു പുറമെ, ലോക്സഭയിലേക്ക് അബ്ദുസ്സമദ് സമദാനിയും രാജ്യസഭയിലേക്ക് പി.വി. അബ്ദുൽ വഹാബും സ്ഥാനാർഥികളാണ്.
ഇ.ടി. മുഹമ്മദ് ബഷീർ നിലവിൽ ലോക്സഭ അംഗമാണ്. പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ് സ്ഥാനാർഥി, ലീഗിെൻറ മുൻ നഗരസഭ ചെയർമാൻ കെ.പി. മുസ്തഫയെ നേരിടാൻ ജൂനിയറായ നജീബ് കാന്തപുരത്തെ തീരുമാനിച്ചതിലെ വിമർശനമൊഴിച്ചാൽ പൊതുവെ സ്വീകാര്യമായ പട്ടികയായാണ് വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, കോഴിക്കോട് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, സെക്രട്ടറി എം.എ. റസാഖ് തുടങ്ങിയവരെ തഴഞ്ഞാണ് നജീബിന് സീറ്റ് നൽകിയതെന്നാണ് വിമർശനത്തിെൻറ കാതൽ.
നജീബിന് പുറമെ, യൂത്ത് ലീഗ് പ്രതിനിധികളായി പി.കെ. ഫിറോസും ഇ.കെ.എം. അഷ്റഫും ഉണ്ട്. കുന്ദമംഗലത്ത് ഏവരെയും അദ്ഭുതപ്പെടുത്തി സീറ്റ് കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണക്ക് നൽകിയതും എടുത്തുപറയേണ്ടതാണ്. കുന്ദമംഗലം നേരത്തേ ലീഗിന് നേടിക്കൊടുത്ത യു.സി. രാമനെ കോങ്ങാട് മത്സരിപ്പിച്ചപ്പോൾ യു.ഡി.എഫിന് പരമാവധി സീറ്റ് നേടാനുള്ള വിട്ടുവീഴ്ചയും തന്ത്രവുമായാണ് ദിനേശിെൻറ സ്ഥാനാർഥിത്വം വിലയിരുത്തപ്പെടുന്നത്. ഇവിടെ നിലവിലെ എം.എൽ.എ പി.ടി.എ. റഹീമാണ് എതിരാളി. കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിെൻറ മകൻ അഡ്വ. ഗഫൂറിനെ രംഗത്തിറക്കിയതിലൂടെ ആരോപണങ്ങൾക്ക് പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.