ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
text_fieldsമലപ്പുറം: എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിത കമീഷനിൽ പരാതി നൽകിയ 'ഹരിത'യുടെ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പിരിച്ചുവിട്ടു. മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗ ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമാണ് ഇക്കാര്യം അറിയിച്ചത്. കടുത്ത അച്ചടക്ക ലംഘനത്തിെൻറ പേരിലാണ് നടപടിയെന്നും പുതിയ കമ്മിറ്റിയെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018ൽ നിലവിൽ വന്ന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതാണെന്നും സലാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസും മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബും സംഘടന യോഗങ്ങളിലും ഫോൺ സംഭാഷണങ്ങളിലും സ്ത്രീത്വത്തെ അപമാനിക്കുംവിധം സംസാരിച്ചെന്ന് കാണിച്ച് ആഗസ്റ്റ് രണ്ടാംവാരമാണ് ഹരിതയുടെ 10 ഭാരവാഹികൾ ഒപ്പിട്ട പരാതി വനിത കമീഷന് നൽകിയത്. തുടർന്ന് കോഴിക്കോട് വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ലീഗ് നേതൃത്വം നൽകിയ അന്ത്യശാസനവും ഹരിത തള്ളിയതിനെത്തുടർന്ന് ആഗസ്റ്റ് 17ന് കമ്മിറ്റി മരവിപ്പിച്ചിരുന്നു. നവാസ്, വഹാബ്, ഹരിത നേതാവിനോട് അപമാനകരമായ പരാമർശം നടത്തിയെന്ന ആരോപണവിധേയനായ എം.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ് എന്നിവരോട് വിശദീകരണവും തേടി. 25ന് മലപ്പുറത്ത് ഇരുവിഭാഗവുമായി നടത്തിയ ചർച്ചയിലും പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവർത്തിച്ചെങ്കിലും ഹരിത നേതാക്കാൾ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
മുഫീദ തസ്നി പ്രസിഡൻറും നജ്മ തബ്ഷീറ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. സംഘടനയുടെ പ്രഥമ ജനറൽ സെക്രട്ടറിയും നിലവിൽ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറുമായ ഫാത്തിമ തഹ്ലിയ ഹരിതക്ക് നീതി ലഭിച്ചില്ലെന്ന് പലതവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇവർക്കെതിരെ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിൽനിന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഒഴിഞ്ഞുമാറി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ലീഗ് നിയോഗിച്ച പത്തംഗ സമിതി, സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിക്കേണ്ട ഭാവിപ്രവർത്തനങ്ങളുടെ രൂപരേഖ ബുധനാഴ്ച ഉന്നതാധികാര സമിതിക്ക് സമർപ്പിച്ചു. ഇത് അംഗീകരിച്ചതായും സെപ്റ്റംബർ 26ന് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ റിപ്പോർട്ട് ചർച്ചക്ക് വെക്കുമെന്നും സലാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.