ആറു മാസത്തിനുശേഷം ലീഗ് പ്രവർത്തകസമിതി ഇന്ന്
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകളും ആനുകാലിക, രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ച ചെയ്യുന്നതിന് മുസ്ലിംലീഗ് സംസ്ഥാന സമിതി ഞായറാഴ്ച നടക്കും. മലപ്പുറം ലീഗ് ഹൗസിൽ രാവിലെ പത്തിനാണ് യോഗം. കോവിഡ് മൂലം ആറു മാസമായി പ്രവർത്തകസമിതി ചേർന്നിരുന്നില്ല. പാർട്ടി ഉന്നതാധികാര സമിതി ചേർന്നാണ് സുപ്രധാനകാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നത്.
അതുകൊണ്ടുതന്നെ പ്രവർത്തകസമിതി സംഭവബഹുലമാകാനിടയുണ്ട്. കേരള കോൺഗ്രസ് (ജോസ് കെ.മാണി വിഭാഗം) യു.ഡി.എഫ് വിട്ടതും പി.സി. തോമസിെൻറയും പി.സി.ജോർജിെൻറയും കേരള കോൺഗ്രസുകൾ യു.ഡി.എഫിലേക്ക് അടുക്കുന്നതും ചർച്ചയാവും. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളും ചർച്ചയാവും.
മുന്നാക്ക സംവരണ വിഷയത്തിൽ ഏത് രീതിയിൽ നീങ്ങണമെന്നതും യോഗം ഗൗരവമായി ചർച്ചചെയ്യും. സംവരണ അട്ടിമറിക്കെതിരെ സ്വന്തംനിലയിൽ സമസ്ത പ്രക്ഷോഭം പ്രഖ്യാപിച്ചത് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പുറമെ എം.സി. കമറുദ്ദീൻ എം.എൽ.എക്കെതിരായ 150 കോടിയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പും പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം വാങ്ങിയെന്ന സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എം.എൽ.എക്കെതിരായ ആരോപണവും യോഗത്തിൽ ചർച്ചയാവും.
പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് ഇ.ഡി (എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിെൻറ മൊഴിയെടുത്തിരുന്നു. കെ.എം. ഷാജിയെ നവംബർ 10ന് ഇ.ഡി ചോദ്യം ചെയ്യാനിരിക്കുകയാണ്. വിവാദമായ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് വി.കെ. ഇബ്രാഹിംകുഞ്ഞിനെയും വിജിലൻസും ഇ.ഡിയും പലതവണ ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.