ആനക്കൊമ്പ് കേസ്: മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കണം -ഹൈകോടതി
text_fieldsകൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സർക്കാറിന്‍റെ അപേക്ഷ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിച്ച് തീർപ്പാക്കണമെന്ന് ഹൈകോടതി. കേസ് പിൻവലിക്കാൻ അനുമതി നിഷേധിച്ച് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തേ നൽകിയ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്. കേസ് റദ്ദാക്കാൻ അനുമതി തേടി സമർപ്പിച്ച അപേക്ഷ പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെ സർക്കാർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
കേസ് പിൻവലിക്കാനുള്ള സർക്കാർ ആവശ്യം നിരസിച്ചത് ചോദ്യം ചെയ്യാൻ പ്രതികൾക്ക് അവകാശമില്ലെന്ന് വിലയിരുത്തി കോടതി സമാന ആവശ്യമുന്നയിച്ച് നടൻ മോഹൻലാലും പി.എൻ. കൃഷ്‌ണകുമാറും നൽകിയ ഹരജികൾ തള്ളി.
തേവരയിലെ മോഹൻലാലിന്‍റെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പിന്‍റെ പരിശോധനയിലാണ് രണ്ടു ജോടി ആനക്കൊമ്പ് കണ്ടെത്തിയത്. ആനക്കൊമ്പുകൾ കൈവശം വെച്ചതിന് നടനെതിരെ വനം വകുപ്പ് കേസെടുത്തു. ഇവ പിടിച്ചെടുക്കുമ്പോൾ നിയമപരമായി കൈവശം വെക്കാനുള്ള സർട്ടിഫിക്കറ്റ് മോഹൻലാലിന് ഉണ്ടായിരുന്നില്ല. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്‌ണകുമാർ, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്‌ണൻ എന്നിവരുടെ പക്കൽനിന്നാണ് ആനക്കൊമ്പുകൾ ലഭിച്ചതെന്ന് കണ്ടെത്തി ഇവരെയും പ്രതി ചേർത്തു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ 2015 ഡിസംബർ രണ്ടിന് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. കേസ് പെരുമ്പാവൂർ കോടതിയുടെ പരിഗണനയിലിരിക്കെയാണ് അസി. പബ്ലിക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാൻ കോടതിയുടെ അനുമതി തേടിയത്.
ആനക്കൊമ്പുകൾ കൈവശം വെക്കാൻ മോഹൻലാലിന് അനുമതി നൽകി വനം വകുപ്പ് 2016 ജനുവരി 16ന് നൽകിയ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു അപേക്ഷ. ഇതിൽ വിശദ പരിശോധന നടത്താതെ പെരുമ്പാവൂർ കോടതി വിധി പറഞ്ഞെന്ന് വിലയിരുത്തിയാണ് വീണ്ടും അപേക്ഷിക്കാൻ ഹൈകോടതി ഉത്തരവിട്ടത്. മോഹൻലാൽ കൈവശം വെച്ചത് നാട്ടാനകളുടെ കൊമ്പുകളാണെന്നതിനാലാണ് കേസ് പിൻവലിക്കാൻ അനുമതി തേടിയതെന്നും ഇത് വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് വിരുദ്ധമല്ലെന്നും സർക്കാറിനുവേണ്ടി അഡീ. ഡി.ജി.പി വാദിച്ചു. പൊതുജനശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ചിലർ ഇതിനെ എതിർക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
പൊതുനയം, ഭരണനിർവഹണം, പൊതു നീതി എന്നിവ സംരക്ഷിക്കപ്പെടുന്നുണ്ടോയെന്നതടക്കം പരിഗണിച്ചാണ് കേസുകൾ പിൻവലിക്കാനുള്ള അപേക്ഷയിൽ തീരുമാനമെടുക്കാറെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.