ആനക്കൊമ്പ് കേസ്: മോഹൻലാലിന്‍റെ ഹരജിയിൽ അന്തിമ വാദം 29ന്
text_fieldsകൊച്ചി: അനധികൃതമായി ആനക്കൊമ്പുകൾ കൈവശംവെച്ചെന്ന കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹരജിയിൽ അന്തിമ വാദം നവംബർ 29ന് നടക്കും. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന മോഹൻലാലിന്റെ ഹരജി ജസ്റ്റിസ് എ. ബദറുദ്ദീനാണ് പരിഗണിക്കുന്നത്.
2011ൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോടി ആനക്കൊമ്പ് കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തത്. താൻ നൽകിയ അപേക്ഷയെത്തുടർന്ന് ആനക്കൊമ്പുകൾ കൈവശം വെക്കാൻ അനുമതി നൽകുന്ന ഓണർഷിപ് സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നെന്നും ഇതനുസരിച്ച് 2015 ഡിസംബർ 16ന് സംസ്ഥാന സർക്കാർ ഓണർഷിപ് സർട്ടിഫിക്കറ്റ് നൽകിയെന്നും മോഹൻലാലിന്റെ ഹരജിയിൽ പറയുന്നു. സർട്ടിഫിക്കറ്റ് നൽകിയതിനാൽ കേസ് തുടരുന്നതിൽ അർഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതു പിൻവലിക്കാൻ സർക്കാർ പെരുമ്പാവൂർ കോടതിയിൽ അനുമതി ഹരജി നൽകിയത്.
എന്നാൽ, കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ്, പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു എന്നിവർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഓണർഷിപ് സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നിലവിലുണ്ടെന്ന കാരണത്താൽ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സർക്കാറിന്റെ അപേക്ഷ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.