ജെ. ദേവികക്ക് ചന്ദ്രികയോട് എന്താണ് ഇത്രയധികം വെറുപ്പ്?, സി.എസ് ചന്ദ്രികക്ക് ദേവികയോടും; ഫേസ്ബുക്കിൽ ഏറ്റുമുട്ടി ഇരുവരും
text_fieldsകോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടി എഴുത്തുകാരിയും ചിന്തകയുമായ ജെ. ദേവികയും സാഹിത്യകാരി സി.എസ് ചന്ദ്രികയും. കേരളത്തിന്‍റെ സാമൂഹിക, രാഷ്ട്രീയ, സാഹിത്യ, ഫെമിനിസ്റ്റ് മേഖലകളിൽ ഉറച്ച ശബ്ദങ്ങളായ രണ്ട് പ്രമുഖ സ്‌ത്രീകളുടെ ഏറ്റുമുട്ടലിനാണ് ഇപ്പോൾ ഫേസ് ബുക്ക് വേദിയായിരിക്കുന്നത്. അനുപമയുടെ കുഞ്ഞിന്‍റെ ദത്ത് വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവർക്കുമിടയിലെ തർക്കങ്ങൾക്ക് ചൂടുപകർന്നത്. കഴിഞ്ഞ ദിവസം സി.എസ് ചന്ദ്രികയാണ് ജെ. ദേവികയുടെ പേര് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചത്. ഇതിന് മറുപടിയുമായി ജെ. ദേവികയും രംഗത്തെത്തുകയായിരുന്നു.
സി.എസ് ബന്ദ്രികയുടെ ഫേസ്ബുക്ക് കുറിപ്പ്:
ജെ. ദേവികക്ക് ചന്ദ്രികയോട് എന്താണ് ഇത്രയധികം വെറുപ്പ്?. കഴിഞ്ഞ ദിവസങ്ങളില്‍ പല സുഹൃത്തുക്കളും ഈ ചോദ്യം എന്നോട് ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നു. ദേവിക ഇന്നലെ ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ എന്‍റെ പേരു പറഞ്ഞ് വീണ്ടും ആക്രമണം നടത്തിയെന്നു പറഞ്ഞ് ഇന്ന് രാവിലെ എന്നോട് കരുതലുള്ള ഒരു സുഹൃത്ത് വിളിച്ചു ചോദിച്ചു. "ദേവികയ്‌ക്ക് ചന്ദ്രികയോട് എന്താണിത്രയധികം വെറുപ്പും വിദ്വേഷവും? "
അതിനാല്‍, ചോദിച്ച സുഹൃത്തുക്കളോടും പൊതു ജനങ്ങളോടും ഇതെന്തെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുളള എന്‍റെ വായനക്കാരോടും എനിക്കു തോന്നിയിട്ടുള്ള മറുപടി ചുരുക്കി പറയുകയാണ്.
1. പല തവണ ഞാന്‍ അവരുടെ ചില ഫെമിനിസ്റ്റ് വാദങ്ങളെ വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. മുമ്പ്, മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ദീര്‍ഘലേഖനത്തിലും 'കേരളത്തിന്‍റെ സ്‌ത്രീചരിത്രങ്ങള്‍, സ്‌ത്രീമുന്നേറ്റങ്ങള്‍' എന്ന പുസ്‌തകത്തിലും വനിതാ മതിൽ പോലുള്ള വിഷയങ്ങളിലും. കേരള നവോത്ഥാനത്തെ ഫെമിനിസ്റ്റ് വിശകലനം നടത്തുന്നതിനിടയില്‍ പുരുഷന്‍മാര്‍ 'മസ്‌തിഷ്‌ക പ്രക്ഷാളനത്തിലൂടെ സ്‌ത്രീകളെ ബ്ലൗസിടുവിച്ചു' എന്ന് ദേവിക പറയുന്നുണ്ട്. ഇന്‍റര്‍സെക്ഷനാലിറ്റി എന്നൊക്കെ ദേവിക പറയുമെങ്കിലും അത് അവരുടെ ഉള്ളില്‍ ഇല്ലെന്നാണ് എന്‍റെ കണ്ടെത്തല്‍. കാരണം, മാറുമറക്കല്‍ സമരത്തിലെ കീഴാള സ്‌ത്രീകളുടെ ഏജന്‍സിയെ മാത്രമല്ല, തുടര്‍ന്ന് ബ്ലൗസിടാനാഗ്രഹിച്ച മുഴുവന്‍ സ്‌ത്രീകളുടേയും സ്വാതന്ത്ര്യ ചിന്തയെ ആണ് അവര്‍ നിസ്സാരവല്‍ക്കരിച്ചത്.
അവരുടെ വാദങ്ങളെ അവര്‍ തന്നെ Contradict ചെയ്യുന്നതും പലപ്പോഴും കണ്ടിട്ടുണ്ട്. അവരെ ബൗദ്ധികമായി വിമര്‍ശിക്കുന്നവരെ ശത്രുക്കളായിട്ടാണ് കാണുന്നത് എന്നാണെന്‍റെ അനുഭവം. പുകഴ്‌ത്തുന്നവരെ വലിയ കാര്യവുമാണെന്ന് തോന്നിയിട്ടുണ്ട്. കൂടാതെ Patronising അവര്‍ക്ക് ഇഷ്ടമാണ്. വിധേയപ്പെട്ടു നില്‍ക്കുന്നവരേയും. അത് ദേവികയുടെ പരമ്പരാഗതമായ സവര്‍ണ്ണാഹന്തയില്‍ നിന്ന് വരുന്നതാണ് എന്നാണെന്‍റെ വിലയിരുത്തല്‍. ബുദ്ധിമതികളായ മറ്റു സ്‌ത്രീകളുടെ നേരെയും അവര്‍ക്ക് എതിരാളികളെന്ന് തോന്നുന്ന ബുദ്ധിജീവികളായ മറ്റു പുരുഷന്‍മാരുടെ നേരെയും അവര്‍ തെറികള്‍ വിളിക്കുന്നത് ഈ മനോനിലയില്‍ നിന്നായിരിക്കണം.
ജനാധിപത്യവാദിയാണെന്നു പറയുമെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ പോലെയുള്ള തുറന്ന വേദികളില്‍ അവര്‍ക്ക് ജനാധിപത്യപരമായ സംവാദങ്ങള്‍ നടത്താന്‍ അറിയില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. തെറി വിളിച്ച് വ്യക്തിഹത്യ നടത്തി, വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഇന്നത്തെക്കാലത്ത് തികഞ്ഞ ഫാസിസ്റ്റ് ലക്ഷണമാണ്.
2. നിക്ഷിപ്‌ത താല്‌പര്യമുള്ള ഒരു ചെറു കോക്കസ് എനിക്കെതിരെ സാഹിത്യ, ബൗദ്ധിക മണ്ഡലത്തില്‍ കുറച്ചു നാളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്‍റെ ഒരു പൂര്‍വ്വ കാലസുഹൃത്ത്, ഞാന്‍ സൗഹൃദം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സമയത്ത് എനിക്ക് തന്നിട്ടുള്ള മുന്നറിയിപ്പ് ഞാന്‍ അയാളെക്കുറിച്ചോ അയാളുമായി ബന്ധപ്പെട്ട സ്ത്രീ സുഹൃത്തുക്കളെക്കുറിച്ചോ എന്‍റെ നോവലിലോ കഥകളിലോ എന്തെങ്കിലും എഴുതിയാല്‍ അത് പ്രസിദ്ധീകരിക്കാന്‍ അയാള്‍ സമ്മതിക്കില്ല എന്നാണ്.
അക്കാദമിക് , പൊതു ബുദ്ധിജീവിയാണ്. കഥയും നോവലും എഴുതുന്ന ഞാൻ ജീവിതാനുഭവങ്ങള്‍ എഴുതാതിരിക്കുമോ? അതിനാലാവണം, ഞാന്‍ എന്തെഴുതിയാലും ഇപ്പോഴേ അതിനെ ടാര്‍ണിഷ് ചെയ്യാനുള്ള ആസൂത്രിതമായ കരുനീക്കം ഇവരുടെ ഈ കോക്കസിലൂടെ നടക്കുകയാണെന്ന് ഞാന്‍ സംശയിക്കുന്നുണ്ട്. വ്യക്തിപരമായ ഇക്കാര്യം പൊതുവായി പറയണമെന്ന് വിചാരിച്ചതല്ല. വ്യക്തിഹത്യയുടെ സീമകള്‍ ലംഘിക്കുന്നതു കൊണ്ടും ദേവികയുടെ പോസ്റ്റുകളില്‍ അവരില്‍ ചിലരുടെ ആവേശകരമായ കമന്‍റുകള്‍ കണ്ടത് കൊണ്ടും മാത്രമാണ് ഇപ്പോള്‍ ഇത്രയും പറയേണ്ടി വന്നത്. അനുപമയുടെ സമരം വഴി വീണു കിട്ടിയ ഈ അവസരം മുതലെടുത്ത് എനിക്കു നേരെയുള്ള വ്യക്തിഹത്യ തുടരാനാണ് ഭാവമെങ്കില്‍ തുടര്‍ന്ന് എന്തു ചെയ്യണമെന്ന് എനിക്ക് ആലോചിക്കേണ്ടി വരും.
3. വനിതാ മതിലില്‍ ഞാന്‍ പങ്കെടുത്തതാണ് മറ്റൊരു കാരണം. അതിനു ശേഷം എന്നെ 'സി പി എം വാലാട്ടി' എന്നാണ് ദേവിക വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുവഴി 'ബുദ്ധിജീവി'കളില്‍ നിന്നും ഫെമിനിസ്റ്റുകളില്‍ നിന്നും കടുത്ത സി.പി. എം വിരുദ്ധരെ മുഴുവന്‍ എനിക്കെതിരെ നിര്‍ത്താനാണ് ദേവികയുടെ ശ്രമം. പക്ഷേ ഞാനത് കാര്യമാക്കുന്നില്ല. കുറച്ചു പേരെയൊക്കെ അവര്‍ക്ക് കിട്ടുന്നുമുണ്ട്. എന്‍റെ ബൗദ്ധിക ജീവിതത്തിന് ഇവരുടെ സര്‍ട്ടിഫിക്കറ്റൊന്നും എന്തായാലും ആവശ്യമില്ല. എന്‍റെ പൊതുജീവിതം 16 വയസ്സു മുതല്‍ 23 വയസ്സു വരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലും തുടര്‍ന്ന് 24 വയസ്സു മുതല്‍ 44 വയസ്സുവരെ ഫെമിനിസ്റ്റ് ആക്‌ടിവിസത്തിലുമായിരുന്നു. ഇതിനൊപ്പം ഗവേഷണങ്ങളും സാഹിത്യ രചനകളും നടത്തി, ഇപ്പോഴും അത് അതു തുടരുന്നു. പത്തു വര്‍ഷങ്ങളായി ഫെമിനിസ്റ്റ് ആക്‌ടിവിസത്തിന്‍റെ രംഗത്തു നിന്ന് ഞാന്‍ മാറി നില്‍ക്കുന്നു. ആ പത്തു വര്‍ഷക്കാലം എന്‍റെ ജോലിയുമായി ബന്ധപ്പെട്ട് ആദിവാസി, പ്രകൃതി സംരക്ഷണ മേഖലകളില്‍ ഗവേഷണ, പദ്ധതി നിര്‍വ്വഹണങ്ങള്‍ നടത്തി.
ഇത്രയും കാലത്തെ എന്‍റെ പൊതു ജീവിതം സുതാര്യമാണ്. തുടര്‍ന്നും അതങ്ങനെ തന്നെയായിരിക്കും. ദേവിക പറയുന്നതു ഞാന്‍ പദവികള്‍ക്കും അവാര്‍ഡുകള്‍ക്കും വേണ്ടിയാണ് സി. പി. എം നെ പിന്തുണയ്‌ക്കുന്നതു എന്നാണ്. Shame on Devika. വനിതാ മതിലില്‍ പങ്കെടുത്തത്തിനു എന്നെപ്പോലുള്ള ഒരു സ്‌ത്രീയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ ചോദ്യം ചെയ്യാന്‍ മടിക്കാത്ത ദേവിക കാണിക്കുന്ന സംസ്കാരം അവരിലുളള സവര്‍ണ്ണ പെണ്‍കോയ്‌മാ സര്വ്വാധികാരത്തിേന്റതാണ്. അവര്‍ നേടി എന്നു പറയുന്ന ഫെമിനിസ്റ്റ് അക്കാദമിക് പാണ്ഡിത്യം അവരെത്തന്നെ ചതിക്കുകയാണ്.
എന്നെക്കുറിച്ച് ദേവിക ചെയ്യുന്നത് വെറും ഗോസ്സിപ്പിംഗ് ആണ്. എന്‍റെ രാഷ്‌ട്രീയ നിലപാട് ഞാന്‍ വിശദമാക്കിയിട്ടുണ്ട്. കേരളത്തില്‍ ബി. ജെ. പി,ആര്‍. എസ്. എസ് ഹിന്ദുത്വ ഭീകരതയെ പ്രതിരോധിക്കാന്‍ ഏത് അവസരം വന്നാലും ഞാന്‍ ഇടതുപക്ഷത്തിന്‍റെ കൂടെ പരസ്യമായി നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അതെന്‍റെ തീരുമാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ബി. ജെ. പിയെ കേരളത്തില്‍ പ്രതിരോധിക്കണമെന്നതും ഇടതുപക്ഷം വിജയിക്കനമെന്നതും മറ്റ് പലരേയും പോലെ എന്‍റെയും ആവശ്യമായിരുന്നു. ചില സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ പ്രചരണത്തിന്‍റെ ഭാഗമായ ചില പരിപാടികളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഇന്നത്തെ കേരളത്തില്‍ എന്നെപ്പോലെ ഇടതുപക്ഷക്കാരായ ധാരാളം ഫെമിനിസ്റ്റുകളും എഴുത്തുകാരികളും ഇപ്രകാരം ചെയ്യുന്നുണ്ട്. അവരെയൊന്നും ദേവിക പരിഹസിച്ചത് കണ്ടിട്ടില്ല. എനിക്കു നേരെയുള്ള ആക്രമണം അത്ര മാത്രം സെലക്‌ടീവ് ആണ്.
4. ഞാന്‍ താത്രിയുടെ പേരു പറഞ്ഞ് അനുപമയെ താരതമ്യം ചെയ്‌തു എന്നാണ് ഏററവും പുതിയ കാരണം. അന്നത്തെ സ്‌മാര്‍ത്ത വിചാരത്തേയും ഇന്നത്തെ സദാചാര വിചാരണയേയും നേരിട്ടുകൊണ്ട് ഒരേ പ്രായത്തിലുള്ള താത്രിയും അനുപമയും ധൈര്യത്തോടെ, സ്ഥൈര്യത്തോടെ അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് വിചാരണയെ നേരിട്ട വിധത്തെ ചൂണ്ടിക്കാണിക്കുകയായിരുന്നു ഞാന്‍ ലേഖനത്തില്‍ ചെയ്‌തത്. തുടര്‍ന്ന് ആ ലേഖനത്തിലെഴുതിയത് മുഴുവന്‍ തമസ്‌ക്കരിച്ചുകൊണ്ട് ദേവിക നടത്തുന്നത് എനിക്കെതിരെയുള്ള കുപ്രചരണവും വിദ്വേഷപ്രചരണവും സൈബര്‍ ആക്രമണവുമാണ്.
താത്രി എന്ന പേര് കേള്‍ക്കുമ്പോള്‍ ഇവരെപ്പോലെയുള്ള അക്കാഡമിക് ഫെമിനിസ്റ്റുകള്‍ hypersexualized എന്ന വാക്കു പകരം വെയ്‌ക്കുന്നത് എന്നെ അമ്പരപ്പിച്ചിരിക്കുന്നു. എന്നോടുള്ള വിദ്വേഷത്താല്‍, താത്രിയെ 'വേശ്യ' എന്ന് ദേവിക വിശേഷിപ്പിച്ചു പ്രചരണം നടത്തുന്നത് മോശമാണ്. ഇങ്ങനെ പ്രചരിപ്പിക്കുമ്പോല്‍ യഥാര്‍ത്ഥത്തില്‍ ദേവിക, താത്രിയെ വീണ്ടും ഇക്കാലത്ത് സ്‌മാര്‍ത്തവിചാരം നടത്തി പടിയടച്ച് പിണ്‌ഡം വെയ്‌ക്കുകയാണ്. എന്തൊരു സ്‌ത്രീവിരുദ്ധതയും ക്രൂരതയുമാണിത്! അനുപമയെ മാത്രമല്ല, മുഴുവന്‍ സ്‌ത്രീകളേയുമാണ് അതു വഴി ദേവിക ദ്രോഹിക്കുന്നത്. എനിക്കു മാത്രമല്ല, താത്രിയെ കൃത്യമായി പഠിച്ചിട്ടുള്ള പല ഫെമിനിസ്റ്റുകള്‍ക്കും താത്രി, സ്‌ത്രീ ചരിത്രത്തിലെ വ്യക്തിത്വമുള്ള രൂപമാണ്. പ്രതിരോധത്തിന്റെ പെണ്‍ബുദ്ധിയുടെ തെളിഞ്ഞ അദ്ധ്യായമാണ്.
സമുദായ സദാചാര നിയമം തെറ്റിച്ച് ഒരു പുരുഷനെ മാത്രം പ്രേമിച്ച് ഗര്‍ഭം ധരിച്ച് പ്രസവിച്ചാലും സ്‌ത്രീയെ സ്‌മാര്‍ത്തവിചാരം ചെയ്‌ത് വിധി നടപ്പാക്കുന്ന കാലമായിരുന്നു അതെന്ന് ദേവികക്ക് അറിയാഞ്ഞിട്ടാണോ? ദിനോസാര്‍ ഫെമിനിസ്റ്റ് എന്ന് വിളിച്ച് എന്നെ പരിഹസിക്കാന്‍ നോക്കുമ്പോള്‍ ദേവികയാണ് പരസ്‌പര വൈരുദ്ധ്യത്തിന്‍റെ കുഴിയില്‍ വീഴുന്നത്. പുരുഷന്‍റെ ജാതിയായിരുന്നില്ല, അവളുടെ ശരീരവും ലൈംഗികതയും തീരുമാനവുമാണ് സ്‌മാര്‍ത്തവിചാരത്തില്‍ പ്രധാനമായിരുന്നത്. ഇക്കാലത്ത് ജാതിയും മതവും തുല്യ പ്രാധാന്യത്തോടുകൂടി സദാചാര വിചാരണയില്‍ ഉയര്‍ന്നു വരുന്നുണ്ട്. അത് ഞാന്‍ ആ ലേഖനത്തില്‍ തുടര്‍ന്ന് പറയുന്നുണ്ട്. സ്‌മാര്‍ത്ത വിചാരത്തിനു ശേഷമുള്ള നവ സവര്‍ണ്ണതയും നവപിതൃമേധാവിത്വവും നിര്‍വ്വചിക്കാന്‍ ദേവിക ശ്രമിക്കുമ്പോള്‍ താത്രി നടത്തിയ സ്‌ത്രീസമരത്തിന്‍റെ വിമോചക ശക്തിയെ അപ്പാടെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. താത്രിയോടും ഫെമിനിസ്റ്റ് ചരിത്രത്തോടും ചെയ്യുന്ന അനീതിയാണിത്.
5. എനിക്കുള്ള സാമൂഹ്യ ഇടവും ഒരു കാരണമാണെന്ന് തോന്നുന്നു. പക്ഷെ അവര്‍ക്ക് തെറ്റിപ്പോയിരിക്കുന്നു. ഈ ഇടം, വനിതാ മതിലിനു ശേഷം കിട്ടിയതല്ല. ദേവികയുടെ കണ്ടെത്തല്‍ ഞാന്‍ സി .പി. എമ്മിന്‍റെ കൂടെ നില്‍ക്കുന്നത് എനിക്ക് കൂടുതല്‍ വേദികളും മറ്റും കിട്ടാനാണത്രേ! ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, 16 വയസ്സു മുതല്‍ 54 വയസ്സു വരെ യുള്ള എന്‍റെ സാമൂഹ്യ രാഷ്ട്രീയ സാഹിത്യ സാംസ്ക്കാരിക ജീവിതത്തെ തന്നെ അപ്പാടെ തള്ളിക്കളയുന്ന ഒരാള്‍ക്കു മാത്രമേ ഈ വിധം ആരോപണമുന്നയിക്കാന്‍ പറ്റൂ. ഇവര്‍ എന്നെ ഉപദേശിച്ചു ബോധവല്‍ക്കരിക്കുന്ന ഇന്‍റര്‍ സെക്ഷണല്‍ ചരിത്രരചന ഇതാണെങ്കില്‍ ഇവരുടെ ചരിത്രത്തില്‍ താത്രി 'വേശ്യ'യും ഞാന്‍ 'ദുഷ്‌ട'യും 'സി. പി. എം വാലാട്ടി'യും, 'വിഷജീവി'യും 'സ്ഥാനമോഹി'യും മറ്റുമായിരിക്കും.
'പ്രണയ കാമസൂത്രം' എന്ന പുസ്‌തകമെഴുതിയതിന് ചിലപ്പോള്‍ ദേവിക എന്നെയും താത്രിയെ വിളിച്ചതു പോലെ 'വേശ്യ' എന്നും വിശേഷിപ്പിച്ചേക്കാം. എനിക്ക് അത് കൊണ്ട് കുഴപ്പമൊന്നുമില്ല. ബി. ജെ. പി-ആര്‍ .എസ്. എസ് കാരുടെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ അവര്‍ അങ്ങനെയാണ് എന്നെ വിളിച്ചത്. 'പ്രണയ കാമസൂത്രം' എന്ന പുസ്തകത്തിന്‍റെ കവര്‍ ഉയര്‍ത്തിപ്പിടിച്ചാണ് അവര്‍ വിളിച്ചത്. രതി എന്ന വാക്ക് ഇവരെപ്പോലുള്ള ഫെമിനിസ്റ്റുകള്‍ക്ക് ഇത്രമാത്രം അറപ്പും വെറുപ്പും ഉണ്ടാക്കുന്നതാണെന്ന് ഞാനറിഞ്ഞിരുന്നില്ല.
അതുകൊണ്ടായിരിക്കും, 'മലയാളികള്‍ക്ക് അവരുടെ പ്രാകൃതമായ രതിസംസ്‌ക്കാരത്തില്‍ നിന്ന് വിമോചനം സാധ്യമാണ് എന്ന സന്ദേശമാണ്, വഴി തുറക്കുന്ന ഈ ഗ്രന്ഥം മുന്നോട്ടു വെയ്‌ക്കുന്നത്' എന്ന് പ്രണയ കാമസൂത്ര പുസ്‌തകത്തെപ്പറ്റി, സത്യസന്ധമായി മാത്രം വാക്കുകള്‍ ഉപയോഗിക്കുന്ന മലയാളികളുടെ പ്രിയ സാഹിത്യകാരന്‍ സക്കറിയ പരിചയപ്പെടുത്തിയ ഈ പുസ്‌തകം ദേവികയും അവരുടെ സംഘത്തിലുള്ള ഫെമിനിസ്റ്റുകളും കണ്ടതായി ഭാവിക്കാത്തത്. ഞാന്‍ പ്രണയം, രതി എന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് തീര്‍ത്തും രാഷ്ട്രീയമായ അര്‍ത്ഥത്തിലാണ് എന്ന് ഓര്‍മ്മപ്പെടുത്താനാണ് ഈ പുസ്തകത്തെക്കുറിച്ച് ഇവിടെ പരാമര്‍ശിച്ചത്. ദുർവ്യാഖ്യാനങ്ങള്‍ക്കും വക്രബുദ്ധി കൊണ്ടുള്ള ദുഷ് പ്രചരണങ്ങള്‍ക്കും എന്റെ പേര് വലിച്ചിഴക്കാതിരുന്നാല്‍ നല്ലത്.
പ്രിയരേ, കാര്യങ്ങള്‍ ഏതാണ്ട് മനസ്സിലായിരിക്കുമല്ലോ. ചുരുക്കത്തില്‍, എന്നോടുള്ള വ്യക്തിപരമായ വിദ്വേഷവും അസൂയയും നുണ പ്രചരണവും കൂട്ടിച്ചേര്‍ത്ത് 'അടപുഴുങ്ങുമ്പോള്‍ അമ്മാവന്‍ കോണകമൂരി കൂട്ടത്തില്‍ പുഴുങ്ങാന്‍ ഇടുന്നതു പോലെ' എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നതു പോലെയാണ് അനുപമയുടെ സമരത്തെ ദേവിക ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എന്നെ താറടിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത്.
എനിക്ക് അക്കാഡമിക് പുസ്‌തകം എഴുതുന്നതിനേക്കാള്‍ സന്തോഷം കഥകളും നോവലും എഴുതുന്നതാണ്. ഫെമിനിസ്റ്റ് ആക്ടിവിസത്തിലേക്ക് തിരിച്ചു വരാന്‍ ഉദ്ദേശിക്കുന്നുമില്ല. ദേവിക ചെയ്ത സമരത്തില്‍ നിന്ന് എനിക്കൊന്നും തട്ടിയെടുക്കാനില്ല. എന്തൊരു പരിതാപകരമായ ആരോപണമാണത് ! നോവൽ തീർക്കാൻ വേണ്ടി സമയം കണ്ടെത്താന്‍ പാടുപെടുമ്പോഴാണ് ഇത് മാതിരിയുള്ള പൊല്ലാപ്പുകള്‍ക്ക് മറുപടി എഴുതേണ്ടി വരുന്നത്. എന്തായാലും എന്‍റെ ഈ പ്രതികരണത്തിന് ശേഷം തുടര്‍ന്ന് ദേവിക നടത്താന്‍ പോകുന്ന പൂര്‍വാധികം ശക്തമായ തെറിവിളികള്‍ കേള്‍ക്കാനും പ്രതികരിക്കാനും എനിക്ക് താല്‍പ്പര്യമില്ല. ഞാന്‍ അവഗണിക്കാന്‍ തുടങ്ങുകയാണ്. പ്രിയരേ, നിങ്ങളും കുറെ കഴിയുമ്പോള്‍ ഈ തെറി വിളികള്‍ അവഗണിക്കാന്‍ പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
താത്രിയെ നന്നായി പഠിച്ച ചരിത്രകാരികള്‍ സെക്ഷ്വാലിറ്റി ഫെമിനിസ്റ്റ് ചരിത്ര പഠനങ്ങളുടെ ഭാഗമായി താത്രിയെ കേരളസമൂഹത്തിനു മുന്നില്‍ വിശദമായി, സത്യസന്ധമായി എപ്പോഴെങ്കിലും അവതരിപ്പിക്കുമെന്നും അവരോടു നീതി പുലര്‍ത്തുമെന്നും ഞാന്‍ ആഗ്രഹിച്ചു പോകുന്നു.
ഇതിന് മറുകുറിപ്പുമായി ജെ. ദേവികയും ഫേസ്ബുക്കിൽ എത്തി. അവർ എഴുതുന്നു:
ഫേസ്ബുക്കിൽ സി.എസ് ചന്ദ്രിക എന്‍റെ വിമർശനം വ്യക്തി വൈരാഗ്യം ആണെന്നു പറഞ്ഞ് എഴുതിയ കുറിപ്പ് എനിക്ക് ഇനി അയച്ചു തരരുത് എന്നൊരു അപേക്ഷ ഉണ്ട്. അത്തരം റിയാക്ഷൻ അല്ലാതെ മറ്റൊന്നും അവരിൽ നിന്ന് പ്രതീക്ഷിക്കാൻവയ്യ. സെൽഫ് പ്രൊമോഷൻ ജീവിത ലക്ഷ്യം ആകുമ്പോൾ അങ്ങനെ മാത്രമേ വിമർശനത്തെ കാണാൻ കഴിയൂ. Everything in the world is then about me, this unique wonderful god's own gift to humanity, ME!!
മാത്രവുമല്ല, പൊരുതി നിൽക്കുന്ന ഒരു സ്ത്രീയെ ആദ്യം ചീഞ്ഞ ഒന്നാം ലോക വരേണ്യ ഫെമിനിസ്റ്റ് ഉപദേശത്താൽ പൊതിയുകയും, പിന്നീട്, അവർ സമരം ജയിച്ചു എന്ന് വ്യക്തമായപ്പോൾ, മൂർത്ത സാഹചര്യത്തിൽ അത് അവർക്ക് ഉണ്ടാക്കുമെന്ന് തീർച്ച ആയ അപകടത്തെ കണ്ടില്ല എന്ന് നടിച്ചു കൊണ്ട് അവരെ കുറിയ്യേടത്ത് താത്രിയുടെ പിൻഗാമി എന്ന മട്ടിൽ അവതരിപ്പിക്കുകയും ചെയ്യുന്ന (അങ്ങനെ സൈബർ അക്രമികൾക്ക് കൃത്യമായ dogwhistle കൊടുക്കുന്ന) കുടില ബുദ്ധിയെ പറ്റി ഞാൻ എഴുതും, പക്ഷേ അത്തരം ബുദ്ധിയോട് സംസാരിക്കാൻ തയ്യാറല്ല.
വലത് പക്ഷ ദുഷ്ട ശക്തികളെ പറ്റി എഴുതും, പക്ഷേ അവരോടു സംസാരത്തിനോ സംവാദത്തിനോ തയ്യാറല്ലാത്തത് പോലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.