രാജപ്പാർട്ട് കെട്ടുന്നവർ ശബരിമലെയ ഭക്തി വ്യവസായമാക്കി മാറ്റി - ജെ. രഘു
text_fieldsഅനുജെൻറ മരണത്തിെൻറ പേരിൽ ലഭിച്ച ആശ്രിത നിയമനമാണ് ജി. സുധാകരനെ രാഷ്ട്രീയ നേതാവായി ഉയർത്തിയതെന്ന ആരോപണവുമായി അഖിലകേരള തന്ത്രി മണ്ഡലം രംഗത്തു വന്നിരിക്കുന്നു. പന്തളം കോളജിെൻറ മുകളിലത്തെ നിലയിൽ നിന്ന് വീണു മരിച്ച അനുജൻ ഭുവനേശ്വരനെ കെ.എസ്.യുക്കാർ കൊന്നതാണെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് തന്ത്രിമണ്ഡലത്തിെൻറ ആരോപണം...
പന്തളം എൻ.എസ്.എസ് കോളജ് വിദ്യാർത്ഥിയായിരുന്ന ഭുവനേശ്വരെൻറ സുഹൃത്തും സർവവിജ്ഞാന കോശം മുൻ എഡിറ്ററുമായ ജെ. രഘു ഇതിനോട് പ്രതികരിക്കുന്നു:
ഭുവനേശ്വരനും ഞാനും പന്തളം എൻ.എസ്.എസ് കോളേജിൽ പഠിക്കുകയും എസ്.എഫ്.ഐ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തിരുന്ന കാലത്ത്, 'തന്ത്രി ', 'മേൽശാന്തി ''' പന്തളം കൊട്ടാരം' തുടങ്ങിയ പദങ്ങൾ പന്തളത്തുകാർക്കു പോലും കേട്ടുകേൾവി ഇല്ലാത്തതായിരുന്നു. പേരിന് അവസാനം വർമ്മ എന്ന പദം വച്ച് ഇന്ന് രാജപ്പാർട്ട് കെട്ടുന്ന ആളുകളുടെ വീടുകൾ ഏതോ ക്ഷയിച്ച നായർ കുടുംബാംഗങ്ങളായാണ് ഞങ്ങളും പന്തളത്തുകാരും കണ്ടിരുന്നത്. ഞങ്ങളുടെ സഹപാഠികളായിരുന്ന പല വർമ്മമാർക്കും പോഷകാഹാരക്കുറവ് ഉണ്ടായിരുന്നതിൽ ഞങ്ങൾക്കും സഹതാപമുണ്ടായിരുന്നു.
എന്നാൽ ഇന്ന് തിരുവാഭരണം എഴുന്നള്ളത്തും ശബരിമല ക്ഷേത്രോത്സവവും ശതകോടികളുടെ വരുമാനമുള്ള ഭക്തി വ്യവസായമായി മാറിക്കഴിഞ്ഞു. കണക്കിൽ പെടാതെയും പെടുത്താതെയും ഈ വരുമാനത്തിന്റെ സിംഹഭാഗവും കവർന്നെടുക്കുന്നത് രാജാവായി അഭിനയിക്കുന്ന പന്തളത്തെ ചില ആളുകളും തന്ത്രിമാരുമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ അളവറ്റ സംഭാവന കൊണ്ട് മാത്രം സമീപകാലത്ത് സമ്പന്നരായി മാറിയ ഒരു വിഭാഗം ജീർണ്ണ പുരോഹിതന്മാരുടെയും ഫ്യൂഡലിസ്റ്റുകളുടെയും രൗദ്രരോദനമാണ് ജി.സുധാകരനെതിരായ ആക്ഷേപം.
ഈ പറയുന്നവർക്ക് പന്തളം എൻ.എസ്.എസ് കോളേജ് എന്താണെന്നോ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നോ രക്തസാക്ഷി ഭുവനേശ്വരാന്റ യഥാർത്ഥ പേരെന്താണെന്നോ പോലും അറിയാത്തവരാണ്. കാരണം സ്വന്തം തൊഴിലിന് സാക്ഷരതയുടെയോ വിദ്യാഭ്യാസത്തിന്റെയോ ആവശ്യമില്ലാത്തവരാണ് ഇവർ. അതു കൊണ്ടു തന്നെയാണ് ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദാനന്തരബിരുദവും നേടിയിട്ടുള്ളയാളും വിദ്യാർത്ഥി -യുവജന പ്രസ്ഥാനങ്ങളുടെയും സി.പി.ഐ (എം)ന്റെയും നേതൃത്വത്തിൽ അര നൂറ്റാണ്ടിലേറെ കിടയറ്റ സംഘാടകനും ആശയപ്രചാരകനുമായി പ്രവർത്തിച്ച പാരമ്പര്യമാണ് ജി.സുധാകരന്റേത്.
അങ്ങനെയുള്ള ഒരാൾക്ക് സ്വന്തം അനിയന്റെ രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം ആവശ്യമില്ലെന്ന് സാക്ഷരരായ മലയാളികൾക്ക് അറിയാം. സമ്പൂർണ്ണ സാക്ഷരത നേടിയെന്ന് അഭിമാനിച്ചിരുന്ന നമ്മെ നാണം കെടുത്തിക്കൊണ്ട് ഒരു നിരക്ഷരന്നിതാ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആ നിരക്ഷരന്റെ ദീന വിലാപമാണ് ഇപ്പോൾ ജി.സുധാകരനെതിരായ ഭർത്സനത്തിലൂടെ മലയാളികൾ കേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.