ചക്ക സംസ്ഥാന ഫലം: ആഹ്ലാദനിറവിൽ ബാലകൃഷ്ണൻ
text_fieldsഒറ്റപ്പാലം: ചക്കയെ സംസ്ഥാന ഫലമായി സർക്കാർ പ്രഖ്യാപിച്ചതിെൻറ പിന്നിലെ കഥാനായകനെ തിരിച്ചറിഞ്ഞതുമുതൽ അധ്യാപകനായ തൃക്കങ്ങോട് പനയംകണ്ടത്ത് ബാലകൃഷ്ണന് അഭിനന്ദനപ്രവാഹമാണ്. ഇംഗിതം പോലെ ചക്കയെ സംസ്ഥാന ഫലമായി സർക്കാർ പ്രഖ്യാപിച്ച വാർത്ത വരുമ്പോഴും ബാലകൃഷ്ണനും അറിയില്ലായിരുന്നു, തെൻറ നിവേദനത്തിെൻറ ഫലമാണിതെന്ന്.
2016ൽ ഇടതുസർക്കാറിെൻറ ആദ്യബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ബാലകൃഷ്ണൻ ചക്കയുടെ മഹത്വം ചൂണ്ടിക്കാട്ടി സംസ്ഥാനത്തിെൻറ ഔദ്യോഗികഫലമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചത്. അന്നത്തെ സാഹചര്യത്തിൽ നിവേദനം പരിഗണിക്കപ്പെട്ടില്ല. പിന്നീട്, മന്ത്രിമാരായ എ.കെ. ബാലനും വി.എസ്. സുനിൽകുമാറിനും മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചു.
നിവേദനം പരിശോധിച്ച മുഖ്യമന്ത്രി സംസ്ഥാനഫലമായി മറ്റു ഫലങ്ങളൊന്നും അംഗീകരിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർച്ച് 21ന് ചക്കയെ സംസ്ഥാനഫലമായി സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ധനമന്ത്രി തോമസ് ഐസക്കിെൻറ നേരിട്ടുള്ള ഫോൺവിളിയിലാണ് ഇതിന് അടിസ്ഥാനമായത് തെൻറ നിവേദനമായിരുന്നെന്ന് ഇദ്ദേഹം അറിയുന്നത്. തോമസ് ഐസക്കിെൻറ ഫേസ്ബുക്കിലും ബാലകൃഷ്ണെൻറ നിവേദനത്തിെൻറ പകർപ്പ് സഹിതം ഇക്കാര്യം ജനങ്ങളുമായി അദ്ദേഹം പങ്കിട്ടു.
തൃക്കങ്ങോട്ടെ ഒന്നര ഏക്കർ പുരയിടത്തിൽ മുളകൾ നട്ടുവളർത്തിയതിന് ജില്ലയിലെ വനമിത്ര പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആലത്തൂർ കാവശ്ശേരി ഗവ. സ്കൂളിലെ പ്രധാനാധ്യാപകനാണ് ബാലകൃഷ്ണൻ.
ചക്കയെക്കുറിച്ച തൊട്ടറിവിെൻറ അടിസ്ഥാനത്തിലായിരുന്നു ബാലകൃഷ്ണൻ നിവേദനം തയാറാക്കിയത്. വളപ്പിൽ എട്ട് പ്ലാവുകളുള്ളതിൽനിന്ന് ലഭിക്കുന്ന ചക്ക പുഴുക്കും കറിയും പഴവുമായും വീട്ടിലേക്കെടുത്താലും നാട്ടുകാർക്ക് കൊടുക്കാൻ പിന്നെയും ബാക്കി കാണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.