നാടുകടന്നാൽ ചക്കക്ക് പൊന്നുംവില
text_fieldsകേളകം: മലയോരത്തുനിന്ന് ചക്ക ഉത്തരേന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഇവ കയറ്റിപ്പോകുന്നത്. ജില്ലയുടെ മലയോര ഗ്രാമങ്ങളിലെത്തി ഇവ സംഭരിച്ച് കയറ്റി അയക്കുന്നത് പെരുമ്പാവൂർ സ്വദേശികളായ ഇടനിലക്കാരാണ്. കൃഷിയിടങ്ങളിലെത്തി കർഷകർക്ക് മെച്ചപ്പെട്ട വില നൽകിയാണ് ഇവർ ചക്ക ശേഖരിക്കുന്നത്. പിക് അപ് ലോറികളിലെത്തിയാണ് ഈ സംഘം പ്ലാവുകളിലെ ചക്കകൾ കേടുകൂടാതെ പറിച്ചിറക്കി പെരുമ്പാവൂർ ചന്തയിലേക്കും, അവിടെനിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുല്യവർധിത ഉൽപന്ന നിർമാതാക്കൾക്കും വിറ്റഴിക്കുന്നത്. ചക്കയായും മൂല്യവർധിത ഉൽപന്നങ്ങളായും ഇവ കടൽ കടന്നെത്തുന്നത് അറബ് നാടുകളിലേക്കുമാണ്.
വനാതിർത്തിയിൽ താമസിക്കുന്ന കർഷകർക്ക് ചക്ക സീസൺ വന്യമൃഗ ഭീഷണിയുടെ കാലംകൂടിയാണ്. ചക്ക പഴുക്കുമ്പോൾ ഇതിന്റെ മണം പിടിച്ച് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ തീറ്റ തേടിയെത്തുന്നു. ഇതുകൂടി മുന്നിൽക്കണ്ട് പലരും ചക്ക മൂക്കുന്നതിന് മുമ്പുതന്നെ പറിച്ച് വിറ്റൊഴിക്കുകയാണ്. കാട്ടാനശല്യം രൂക്ഷമായ ഓടംതോട്, അണുങ്ങോട്, മടപ്പുരച്ചാൽ, നെല്ലിയോടി തുടങ്ങിയ മേഖലകളിൽനിന്നാണ് പ്രധാനമായും ചക്ക സംഭരിച്ച് കടത്തുന്നത്. ഇടിച്ചക്ക പരുവത്തിലുള്ള ചക്കക്കും വൻ ഡിമാൻഡുണ്ട്. ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ സംസ്കരണത്തിനും, സംഭരണത്തിനും നടപടിയുണ്ടായില്ല. ഇതുമൂലം വിളവുകാലത്ത് കൃഷിയിടങ്ങളിൽ കോടികളുടെ വിപണി സാധ്യതയുള്ള ചക്കകൾ നശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.