മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി സ്ഥാനം വിജിലൻസ് ഡയറക്ടറുടേതിന് തുല്യമായി –ജേക്കബ് തോമസ്
text_fieldsഷൊർണൂർ: നൂറ്റൊന്ന് വെട്ട് വെട്ടിയാലും വായ്ത്തല കേടാകാത്ത മൂർച്ചയേറിയ വാക്കത്തിയും അരിവാളും ഉണ്ടാക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് ജേക്കബ് തോമസ്. വാക്കത്തിയും അരിവാളും കൈക്കോട്ടുമെല്ലാം നിർമിക്കുന്ന പൊതുമേഖല സ്ഥാപനമായ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എം.ഡിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജിലൻസ് ഡയറക്ടറുടേതിന് തത്തുല്യമായ തസ്തികയായി മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി സ്ഥാനം ഉയർത്തപ്പെട്ടുവെന്നാണ് തെൻറ നിയമനത്തിൽനിന്ന് മനസ്സിലാക്കേണ്ടത്. ഇനി മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി പദവിക്കായി ഐ.പി.എസുള്ള സീനിയർ ഓഫിസർമാർ തമ്മിൽ പിടിവലി ഉണ്ടായേക്കാം. താൻ വിജിലൻസ് ഡയറക്ടറായി നിരവധി കേസുകൾ അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു.
അപ്പോൾ സംസ്ഥാനത്ത് വിജിലൻസ് രാജ് ആണെന്നാണ് പല നേതാക്കളും പറഞ്ഞത്. അരിവാൾ കൂടിയുണ്ടാക്കുന്ന കമ്പനിയുടെ സ്ഥാപന മേധാവിയായതിനാൽ ഇനി ‘അരിവാൾ രാജ്’ എന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല. ‘കത്തി’യുടെ മൂർച്ച കൂടിയെന്ന് പറഞ്ഞ് മാത്രമെ ഈ കമ്പനിയിൽനിന്ന് തന്നെ പുറത്താക്കാനാകൂ. കത്തിക്ക് മൂർച്ച കുറവാണെന്ന ആക്ഷേപം ഉണ്ടാവില്ല.
ഏത് പൗരനും അഭിപ്രായത്തിനും സഞ്ചാരത്തിനും തൊഴിൽ തെരഞ്ഞെടുക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ഇനിയും ആസ്വദിക്കും. ഭരണപക്ഷം നല്ലത് മാത്രം ചെയ്താൽ പ്രതിപക്ഷം ഉണ്ടാവുക പോലുമില്ല. പ്രതിപക്ഷം ശക്തി പ്രാപിച്ചാൽ ഭരണപക്ഷം ഇല്ലാതാവുകയും ചെയ്യുമെന്ന് ജേക്കബ് തോമസ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.