ജേക്കബ് തോമസിനെ നീക്കി
text_fieldsതിരുവനന്തപുരം: വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ മേധാവി ഡോ. ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. അഴിമതിക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചിരുന്ന സർക്കാർ, അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ ഭാഗമായി ഉയർത്തിക്കാട്ടിയ ഉദ്യോഗസ്ഥനെ മാറ്റിയത് തികച്ചും അപ്രതീക്ഷിതമായി. ജേക്കബ് തോമസിനെതിരെ നിയമസഭയിലുൾപ്പെടെ ആക്ഷേപങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ, അദ്ദേഹത്തെ മാറ്റില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടത്.
ജേക്കബ് തോമസിനെ വിജിലൻസിൽനിന്ന് മാറ്റണമെന്ന് പലർക്കും ആഗ്രഹമുണ്ടെന്നും ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ സർക്കാർ മലക്കംമറിഞ്ഞതിെൻറ കാരണം വ്യക്തമല്ല. കഴിഞ്ഞദിവസങ്ങളിൽ ഹൈകോടതിയിൽനിന്ന് വിജിലൻസ് ഡയറക്ടർക്കെതിരെ പല രൂക്ഷപരാമർശങ്ങളുമുണ്ടായിരുന്നു. ഇത്രയേറെ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ എന്തുകൊണ്ട് മാറ്റുന്നില്ലെന്നും കോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ, കുറച്ചുനാൾ മാറിനിൽക്കണമെന്ന് ഉന്നതവൃത്തങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായും അറിയുന്നു.
അതേസമയം, ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം ഒരുമാസത്തെ അവധിയിൽ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റക്ക് താൽക്കാലിക ചുമതല നൽകിയതായും ആഭ്യന്തരവകുപ്പ് ഉന്നതർ വ്യക്തമാക്കി. എന്നാലിതേക്കുറിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കാൻ ജേക്കബ് തോമസ് തയാറായില്ല.
അഴിമതിക്കേസുകളിൽ കർക്കശനിലപാടാണ് ജേക്കബ് തോമസ് കൈക്കൊണ്ടത്. ഇതിൽ പലർക്കും അസ്വസ്ഥതയുണ്ടാകാമെന്നും അതിനാലാകാം മാറ്റിയതെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ, വിജിലൻസ് ആസ്ഥാനത്ത് പതിച്ചിരുന്ന നെയിംബോർഡ് ഉൾപ്പെടെയുള്ളവ നീക്കംചെയ്ത ശേഷമാണ് ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചത്. ഇത് സർക്കാറിനോടുള്ള പ്രതിഷേധ സൂചകമായാണെന്ന് വിലയിരുത്തപ്പെടുന്നു.
അതിനിടെ, ജേക്കബ് തോമസിനെ തന്ത്രപ്രധാനമായ മറ്റൊരുപദവിയിലേക്ക് കൊണ്ടുവരുന്നതിനുള്ള മുന്നൊരുക്കമായും ഈമാറ്റത്തെ വിലയിരുത്തുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയുടെ പ്രകടനത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയാണുള്ളതത്രെ. ഈ സാഹചര്യത്തിൽ സമഗ്ര അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.