ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ ഫോണും മെയിലും ചോര്‍ത്തിയെന്ന പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നത് സര്‍ക്കാറിന്‍െറ നയമല്ളെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരുമെന്ന സൂചനയും നല്‍കി. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസില്‍ ചേരിപ്പോരാണെന്നും മുഖ്യമന്ത്രിക്ക് പൊലീസിലെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ആരോപിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ഫോണ്‍ ചോര്‍ത്തുന്നെന്ന ആരോപണം ജേക്കബ് തോമസ് ഉന്നയിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫോണും മെയിലും ചോര്‍ത്തുന്നെന്ന് വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തി സത്യമെങ്കില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടില്ല. ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായി തുടരണമെന്നാണ് സര്‍ക്കാറിന്‍െറ താല്‍പര്യം. വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കും. വിജിലന്‍സിന്‍െറ പ്രവര്‍ത്തനത്തില്‍ ഏറെ മാറ്റം വന്നത് സമൂഹം കാണുന്നു. അദ്ദേഹം നല്ലരീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നു. ഡയറക്ടര്‍ക്ക് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പൂര്‍ണപിന്തുണ നല്‍കുന്നുണ്ട്. ആ സ്വാതന്ത്ര്യത്തില്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ല. ജേക്കബ് തോമസിനെ സമ്മര്‍ദത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൊലീസിന്‍െറ തലപ്പത്ത് ചേരിപ്പോരാണെന്നും പ്രത്യേക സാഹചര്യമുണ്ടായിരിക്കുന്നെന്നതും ആരോപണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസില്‍ ഗുരുതരമായ ചേരിപ്പോരാണെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്‍റലിജന്‍സ് എ.ഡി.ജി.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ജേക്കബ് തോമസിന്‍െറ പരാതി. ഈ ആരോപണം മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ്, എ.സി.എസ്, ഇന്‍റലിജന്‍സ് എ.ഡി.ജി.പി എന്നിവര്‍ക്ക് എതിരെയാണ്. ഇ.പി. ജയരാജന് എതിരെയുള്ള അന്വേഷണം വന്നപ്പോഴാണ് ഈ പരാതി ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയിലും ആഭ്യന്തരവകുപ്പിലും വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടിയതെന്നും ചെന്നിത്തല പറഞ്ഞു. ഡോ. എം.കെ. മുനീര്‍, അനൂപ് ജേക്കബ്, സി.എഫ്. തോമസ് എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.