ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതി വിജിലൻസ് കോടതി തള്ളിയതിനെതിരെ ഹൈകോടതിയിൽ ഹരജി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെതിരെയും വിജിലൻസ് അന്വേഷണത്തിന് നിർദേശിക്കണമെന്നാവശ്യപ്പെട്ടും ചേർത്തല സ്വദേശി മൈക്കിൾ വർഗീസാണ് ഹൈേകാടതിയെ സമീപിച്ചത്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഓഫിസുകളിൽ സോളാർ പാനൽ സ്ഥാപിച്ചതിൽ ക്രമക്കേടുണ്ടെന്നും വിദേശ കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് മൈക്കിൾ വർഗീസ് ആദ്യം വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. അനധികൃതമായി സ്വത്തു സമ്പാദിച്ചതിനെക്കുറിച്ചും കുടകിൽ ഭാര്യയുടെ പേരിൽ സ്ഥലം വാങ്ങിയതിനെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾക്കു ബലം നൽകാൻ ജേക്കബ് തോമസിനെതിരെ ധനകാര്യ അഡീ. ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടും ഹാജരാക്കിയിരുന്നു.
എന്നാൽ പരാതിയിലെ ആവശ്യങ്ങൾ മൂവാറ്റുപുഴ വിജിലൻസ് കോടതി നിരസിച്ചു. ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരാതിക്കാരന് എങ്ങനെ ലഭിച്ചുവെന്നത് സർക്കാർ അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, താൻ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ വേണ്ടവിധം പരിശോധിക്കാതെയാണ് വിജിലൻസ് കോടതി പരാതി തള്ളിയതെന്നാണ് ഹരജിക്കാരെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.