ജേക്കബ് തോമസിനുശേഷം വിജിലൻസിൽ പുതിയ കേസുകളില്ല
text_fieldsകാസർകോട്: വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജേക്കബ് തോമസ് ഇറങ്ങിയ ശേഷം വിജിലൻസ് യൂനിറ്റുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തില്ല. ജേക്കബ് തോമസ് അവധിയിൽ പോയതിനു ശേഷം കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ലോകനാഥ് ബെഹ്റ വിജിലൻസ് സ്ഥാനത്തേക്ക് കടന്നുവന്നത്. ജില്ലകളിലെ വിജിലൻസ് യൂനിറ്റുകൾക്ക് പരാതിയിൽ സ്വമേധയാ കേസെടുക്കാൻ അധികാരം എടുത്തുകളഞ്ഞുകൊണ്ട് ബെഹ്റ ഉത്തരവിറക്കി. ഡിവൈ.എസ്.പിമാരുടെ ചുമതലയുള്ള വിജിലൻസ് യൂനിറ്റുകൾക്ക് ലഭിക്കുന്ന പരാതിയിൽ കേസെടുക്കണമെങ്കിൽ ഡയറക്ടറുടെ അനുമതി വേണമെന്ന നിർദേശവും നൽകി. ഇതോടെ പരാതി കൈമാറുന്ന ഏജൻസികൾ മാത്രമായി വിജിലൻസ് യൂനിറ്റുകൾ മാറി.
കാസർകോട് വിജിലൻസ് യൂനിറ്റിൽ കഴിഞ്ഞ ഒരുമാസം 30നടുത്ത് പരാതികൾ ലഭിച്ചു. എല്ലാ പരാതികളും ഡയറക്ടർക്ക് അയച്ചുവെന്നല്ലാതെ ഒന്നുപോലും കേസെടുക്കാൻ നിർദേശിച്ചുകൊണ്ട് തിരികെയെത്തിയില്ല. ഒരുമാസം പത്തിനും ഇരുപതിനും കേസുകളെങ്കിലും വിജിലൻസ് യൂനിറ്റുകൾ രജിസ്റ്റർ ചെയ്യാറുണ്ട്. ലളിതകുമാരി- യു.പി സർക്കാർ കേസിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് യൂനിറ്റുകൾക്ക് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ലഭിച്ചത്. ഇത് നടപ്പാക്കിയത് ജേക്കബ് തോമസ് ഡയറക്ടറായിരിക്കെയാണ്.
ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റ ശേഷമാണ് ഇൗ അധികാരം റദ്ദാക്കി ഉത്തരവിറക്കിയത്. സുപ്രീം കോടതി വിധിയുടെ ലംഘനമാണിതെന്ന് വിമർശിക്കപ്പെടുന്നു. 200 പരാതികൾ വരെ പ്രതിമാസം ലഭിച്ചിരുന്ന ഒരു യൂനിറ്റിൽ ഇവയുടെ എണ്ണവും കുറഞ്ഞുവരുന്നുണ്ട്.
സജീവമായിരുന്ന വിജിലൻസ് ഇപ്പോൾ നിശ്ചലമായ സ്ഥിതിയായി. സംസ്ഥാനത്ത് 750 വിജിലൻസ് കേസുകളിൽ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. വിചാരണക്ക് അനുമതി കാത്ത് 60 എണ്ണം സർക്കാറിെൻറ വശമുണ്ട്. കോടതിയിൽ അപ്പീലിൽ കഴിയുന്ന 303 കേസുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.