യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കം: വിശ്വാസികളുടെ കണക്കെടുപ്പ് തുടങ്ങി
text_fieldsകോട്ടയം: പള്ളിത്തർക്കം പരിഹരിക്കാൻ വില്ലേജ് ഓഫിസർമാരുടെ നേതൃത്വത്തിൽ വിശ്വാസികളുടെ കണക്കെടുപ്പ് നടപടി തുടങ്ങി. യാക്കോബായ-ഓർത്തഡോക്സ് സഭാതർക്കത്തിൽ സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് ഓരോ വിഭാഗത്തിന്‍റെയും പക്കലുള്ള ആരാധനാലയങ്ങളുടെയും വിശ്വാസികളുടെയും എണ്ണം എടുക്കണമെന്നായിരുന്നു നിർദേശം.
അതിന്‍റെ അടിസ്ഥാനത്തിൽ ഓരോ വില്ലേജിലുമുള്ള പള്ളികളുടെയും അവക്ക് കീഴിലുള്ള ഇരുവിഭാഗത്തിലെയും അംഗങ്ങളുടെയും വെവ്വേറെ പട്ടികയുമാണ് തയാറാക്കുന്നത്. നിലവിൽ ആരുടെ ഭരണത്തിലാണ് പള്ളി, നിലവിലെ സ്ഥിതി, തർക്കങ്ങൾ എന്നിവ സംബന്ധിച്ച വിശദ റിപ്പോർട്ടാണ് തയാറാക്കുന്നത്.
ഓരോ പള്ളിയിലെയും ഇടവക രജിസ്റ്ററിലെ അംഗങ്ങളുടെ എണ്ണമാണ് വില്ലേജ് ഓഫിസർമാരെടുക്കുക. ഇതുസംബന്ധിച്ച നിർദേശം ജില്ല കലക്ടർമാർ തഹസിൽദാർമാർക്കും വില്ലേജ് ഓഫിസർമാർക്കും കഴിഞ്ഞദിവസം നൽകി. അതിന്‍റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്. ഈ മാസം 29, 30 തീയതികളിലാണ് പള്ളിത്തർക്ക കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നത്. അതിനുമുമ്പ് എത്രയും പെട്ടെന്ന് കണക്കുകൾ കൈമാറാനാണ് നിർദേശം. ഇടവക രജിസ്റ്ററിലെ അംഗങ്ങളുടെ എണ്ണത്തിൽ തർക്കമുണ്ടെങ്കിൽ ഇരുസഭക്കും സുപ്രീംകോടതിയിൽ ഉന്നയിക്കാം.
സുപ്രീംകോടതി നിർദേശമായതിനാൽ ഇരുസഭയും ഈ കണക്കെടുപ്പ് അംഗീകരിക്കുന്നുണ്ട്. എന്നാൽ, ഇത് ഭാവിയിൽ തർക്കത്തിന് കാരണമായേക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. 2017ലെ സുപ്രീംകോടതി വിധിപ്രകാരം യാക്കോബായ വിഭാഗത്തിന്‍റെ കൈവശമുണ്ടായിരുന്ന ചില പള്ളികൾ സർക്കാർ ഇടപെട്ട് ഓർത്തഡോക്സ് സഭക്ക് കൈമാറിയിരുന്നു.
എന്നാൽ, യഥാർഥ ഇടവക വിശ്വാസികളെ പുറത്തുനിർത്തിയെന്നാണ് യാക്കോബായ സഭയുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവർ സുപ്രീംകോടതിയെ സമീപിച്ചത്. അതിന്‍റെ അടിസ്ഥാനത്തിലാണ് കണക്കെടുക്കാൻ കോടതി ഉത്തരവിട്ടതും. പള്ളി രജിസ്റ്ററിൽ ഇടവകയിൽ ഇല്ലാത്ത പലരുടെയും പേര് ചേർത്തെന്ന ആക്ഷേപവും യാക്കോബായസഭ വൃത്തങ്ങൾ ഉന്നയിക്കുന്നു. എന്നാൽ, സഭാതർക്കം പരിഹരിക്കാൻ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള എന്ത് നടപടിയേയും സ്വാഗതം ചെയ്യുന്നെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.