യാക്കോബായക്കാരുടെ പ്രതിഷേധം; മഴുവന്നൂർ കത്തീഡ്രലിൽ കോടതിവിധി നടപ്പാക്കാനായില്ല
text_fieldsകോലഞ്ചേരി (കൊച്ചി): യാക്കോബായ വിശ്വാസികളുടെ ചെറുത്തുനിൽപിനെത്തുടർന്ന് മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രലില്‍ കോടതിവിധി നടപ്പാക്കുന്നതിൽനിന്ന് പൊലീസ് താല്‍ക്കാലികമായി പിന്മാറി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന് നൽകാനുള്ള ഹൈകോടതി വിധി നടപ്പാക്കുന്നതിൽനിന്നാണ് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലീസ് പിന്മാറിയത്.
പള്ളി ഏറ്റെടുത്ത് കൈമാറാൻ ഉദ്യോഗസ്ഥ സംഘം എത്തുന്ന വിവരമറിഞ്ഞ് ശനിയാഴ്ച പുലര്‍ച്ചതന്നെ കത്തീഡ്രലിന് ചുറ്റും നൂറുകണക്കിന് യാക്കോബായ വിശ്വാസികളാണ് പള്ളി വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യവുമായി പ്രതിരോധം തീര്‍ത്തത്. ഇവരെ നേരിടാൻ മുന്നൂറോളം പൊലീസുകാരുമെത്തി.
മൂവാറ്റുപുഴ ആർ.ഡി.ഒ, കുന്നത്തുനാട് തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തു. ഇതിനിടെ, പള്ളിയിൽ കയറാൻ ഓര്‍ത്തഡോക്സ് സഭ വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികളും എത്തി. ഇതോടെ ചെറുത്തുനിൽപും പ്രതിഷേധവും രൂക്ഷമായി. ഇതേതുടർന്നായിരുന്നു പൊലീസിന്റെ പിന്മാറ്റം.
സുപ്രീംകോടതി വിധി നടപ്പാക്കാനുളള കാലതാമസം ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം ഹൈകോടതിയെ സമീപിച്ചിരുന്നു. ഈമാസം 28നകം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതി നിര്‍ദേശം. യാക്കോബായ വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ഇടവകയിൽ ഓർത്തഡോക്സ് വിഭാഗം നാമമാത്രമാണ്.
എന്നാൽ, ഇതേ സാഹചര്യത്തിലുള്ള മറ്റ് പള്ളികളും നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇവിടെ കനത്ത പ്രതിഷേധമൊരുക്കാനാണ് യാക്കോബായ വിശ്വാസികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വിശ്വാസ സംരക്ഷണ റാലിയടക്കം പ്രതിഷേധ പരിപാടികൾ ശക്തമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.