യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം ഇരമ്പി
text_fieldsകോലഞ്ചേരി: ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള സമരത്തിൽ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം ഇരമ്പി. നഷ്ടമായ പള്ളികളിലേക്ക് ആരാധനക്കായി പ്രവേശിക്കാനുള്ള വിശ്വാസികളുടെ ശ്രമം പലയിടങ്ങളിലും പോലീസ് തടഞ്ഞു. ഇത് ചിലയിടങ്ങളിലെല്ലാം നേരിയ സംഘർഷത്തിനിടയാക്കി.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത 52 പള്ളികളിലും ആരാധനക്കായി യാക്കോബായ വിശ്വാസികൾ എത്തിയത്. എന്നാൽ, പലയിടങ്ങളിലും പള്ളിയുടെ ഗേറ്റടച്ച് പൊലീസ് വിശ്വാസികളെ തടഞ്ഞു. മുടവൂർ, പഴന്തോട്ടം പള്ളികളിൽ വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രാർഥന അനുവദിച്ചു.
മുളന്തുരുത്തി പള്ളിയിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, കോട്ടയം തിരുവാർപ്പ് പള്ളിയിൽ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ്, വരിക്കോലി പള്ളിയിൽ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, പഴന്തോട്ടം പള്ളിയിൽ ഡോ. എബ്രഹാം മാർ സെവേറിയോസ്, ഡോ. കുര്യാക്കോസ് മാർ യൗസേബിയോസ്, കോലഞ്ചേരി പള്ളിയിൽ ഡോ. തോമസ് മാർ അലക്സാന്ദ്രയോസ്, കടമറ്റം പള്ളിയിൽ ബാർ യൂഹാനോൻ റമ്പാൻ, ചോർക്കുഴി പള്ളിയിൽ ഡോ. ഐസക് മാർ ഒസ്താത്തിയോസ് തുടങ്ങിയ മെത്രാപ്പോലീത്തമാരുടെയും റമ്പാന്മാരുടെയും വൈദികർ, സഭ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് 52 പള്ളികളിലും വിശ്വാസികൾ എത്തിയത്. എന്നാൽ, ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി എല്ലായിടത്തും വിശ്വാസികളെ പൊലീസ് തടയുകയായിരുന്നു. ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം തങ്ങൾക്ക് നഷ്ടമായ പള്ളികളിൽ ആരാധനയ്ക്കായി പ്രവേശിക്കാൻ തീരുമാനിച്ചത്. സമരം വരും ഞായറാഴ്ചകളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.