റിപ്പബ്ലിക് ദിനത്തില്‍ ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനങ്ങള്‍’ നടത്തുമെന്ന് കെ. സുധാകരന്‍
text_fieldsതലശ്ശേരി: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബി.ആര്‍. അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് 'ജയ് ഭീം അംബേദ്കര്‍ സമ്മേളനങ്ങള്‍' മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനയക്കെതിരേയും രാഹുല്‍ ഗാന്ധിക്കെതിരേ കള്ളക്കേസെടുത്തതിനുമെതിരെ തലശേരി ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കയ്യേറ്റം ചെയ്തത് ബി.ജെ.പി എം.പിമാരാണ്. അതിനുശേഷം ബി.ജെ.പി എം.പിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി കൊടുത്തു. രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അങ്ങനെ ബി.ജെ.പി ശ്രമിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല രാഹുല്‍ ഗാന്ധി. അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയര്‍ന്ന ജനരോഷത്തിലെ ശ്രദ്ധതിരിച്ച് അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് രാഹുലിനെതിരെ ബി.ജെ.പി വ്യാജ ആരോപണം ഉന്നയിച്ചതെന്ന് കെ. സുധാകരന്‍ പറഞ്ഞു.
രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കാനും ജനാധിപത്യം നിലനിര്‍ത്താനും ഐക്യം സാധ്യമാക്കാനും സ്‌നേഹത്തിന്‍റെ സന്ദേശവുമായി തെരുവുകളിലൂടെ 4000ലധികം കി.മീറ്റര്‍ കാല്‍നാടയായി സഞ്ചരിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. വ്യത്യസ്ത മതത്തിലും ഭാഷയിലും സംസ്‌കാരത്തിലുമുള്ള അനേകായിരം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിലൂടെയാണ് നമ്മുടെ രാജ്യത്തിന്‍റെ വൈവിധ്യത്തേയും സംസ്‌കാരത്തെയും സംരക്ഷിച്ചത്. ഭരണഘടനയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. സംഘ്പരിവാര്‍ ഇന്ത്യന്‍ ഭരണഘടനയെക്കാള്‍ പ്രാധാന്യം നല്‍കുന്നത് മനുസ്മൃതിക്കാണ്. അതിനാലാണ് ബി.ആര്‍ അംബേദ്കറെ അധിക്ഷേപിക്കാന്‍ ബി.ജെ.പി തയാറായത്. അമിത് ഷായുടെ പ്രസ്താവനയിലൂടെ ബി.ജെ.പിയുടെ ദലിത് വിരുദ്ധത പ്രകടമാണ്.
ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പിക്ക് ഭരണഘടനയോടും രാജ്യത്തോടും ഒരു കടപ്പാടുമില്ല. അംബേദ്കര്‍ക്ക് വേണ്ടി ശബ്ദിച്ചതിന് രാഹുല്‍ ഗാന്ധിയുടെ പേരില്‍ കേസെടുക്കാനാണ് മോദി സര്‍ക്കാറിന്‍റെ തീരുമാനമെങ്കില്‍ അതിനെ തന്‍റേത്തോടെ നേരിടും. അംബേദ്കറെയും ഇന്ത്യന്‍ ഭരണഘടനയെയും ഏറെ ബഹുമാനിക്കുന്ന ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയതിന് ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.