ചുവന്ന പഞ്ചായത്തുകളും എൽ.ഡി.എഫിനെ കൈവിട്ടു; ജെയ്ക്കിന് ലീഡ് ഒറ്റ ബൂത്തിൽ മാത്രം
text_fieldsകോട്ടയം: ജീവിച്ചിരുന്നതിനെക്കാൾ ശക്തനാണ് മരിച്ച ഉമ്മൻ ചാണ്ടിയെന്ന കോൺഗ്രസ് ആത്മവിശ്വാസത്തിനൊപ്പം പുതുപ്പള്ളി ചേർന്നുനിന്നപ്പോൾ, ചുവന്ന പഞ്ചായത്തുകളും എൽ.ഡി.എഫിനെ കൈവിട്ടു. പുതുപ്പള്ളി മണ്ഡലത്തിലെ ഏട്ടിൽ ആറ് പഞ്ചായത്തുകളും തങ്ങളുടെ ഭരണത്തിലാണെന്നതാണ് ‘പുതിയ പുതുപ്പള്ളി’യെന്ന പ്രചാരണത്തിന് എൽ.ഡി.എഫ് കരുത്തായത്. എന്നാൽ, എട്ട് പഞ്ചായത്തിലും ഒപ്പം നിന്നത് ചാണ്ടി ഉമ്മനൊപ്പം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം സമ്മാനിച്ച, ജെയ്ക് സി. തോമസിന്റെ ജന്മനാടുകൂടിയായ മണർകാട് പഞ്ചായത്തിൽ ഇക്കുറി വലിയ പ്രതീക്ഷയാണ് എൽ.ഡി.എഫ് പുലർത്തിയത്. പഞ്ചായത്തിലെ യാക്കോബായ വോട്ടുകൾ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഇടതുപക്ഷം ഭരിക്കുന്ന മണർകാടും വലതിന്റെ കൈപിടിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ 1213 വോട്ടുകൾക്കായിരുന്നു മണർകാട് പഞ്ചായത്തിൽ ഉമ്മൻ ചാണ്ടി പിന്നിലായത്. ജെയ്ക് 7643 വോട്ടുകൾ നേടിയപ്പോൾ ഉമ്മൻ ചാണ്ടിക്ക് 6430 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. എന്നാൽ, ഇത്തവണ മാറി ചിന്തിച്ച മണർകാട് 3716 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് സമ്മാനിച്ചത്. ചാണ്ടി ഉമ്മന് 9095 വോട്ടുകൾ നേടിയപ്പോൾ ജെയ്ക് സി. തോമസിന് ലഭിച്ചത് 5379 എണ്ണം മാത്രം. സ്വന്തംതട്ടകത്തിൽ ചാണ്ടിയുടെ ലീഡ് കുറക്കാൻ കഴിയാതിരുന്നത് വ്യക്തിപരമായ ജെയ്ക്കിനും ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ.
സി.പി.എം പ്രതീക്ഷ പുലർത്തിയ പാമ്പാടിയിലും കനത്ത തിരിച്ചടിയുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 342 വോട്ടുകളായി കുറഞ്ഞ പാമ്പാടി ഇത്തവണ വമ്പൻ ഭൂരിപക്ഷമാണ് യു.ഡി.എഫിന് സമ്മാനിച്ചത്; 5361 വോട്ടുകൾ. യാക്കോബായ വിഭാഗത്തിന് സ്വാധീനമുള്ള സ്വന്തം പഞ്ചായത്തിൽ ഇത്രയും വലിയൊരു തിരിച്ചടി സി.പി.എം പ്രതീക്ഷിച്ചിരുന്നില്ല.
എൽ.ഡി.എഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിലാണ് ചാണ്ടി ഉമ്മന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്. ഉമ്മൻ ചാണ്ടിയുടെ തട്ടകം കൂടിയായ പുതുപ്പള്ളിയിൽ 5830 വോട്ടാണ് ചാണ്ടിയുടെ ഭൂരിപക്ഷം. കഴിഞ്ഞ തവണ ഇവിടെ 2399 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത്.
വാകത്താനം -5425 (കഴിഞ്ഞതവണ 1669), കൂരോപ്പട -4364 (1081), അകലകുന്നം -4151(1881) എന്നിങ്ങനെയാണ് എൽ.ഡി.എഫ് ഭരിക്കുന്ന മറ്റ് പഞ്ചായത്തുകളിലെ യു.ഡി.എഫ് ഭൂരിപക്ഷം. കേരള കോൺഗ്രസ് എമ്മിന് സ്വാധീനമുള്ള അകലകുന്നത്തെ ചാണ്ടിയുടെ ഉയർന്ന ലീഡ് ജോസ് കെ. മാണിക്കും തിരിച്ചടിയായി.
യു.ഡി.എഫ് ഭരിക്കുന്ന അയർക്കുന്നവും കാര്യമായി ചാണ്ടിയെ പിന്തുണച്ചു. ഇവിടെ 5487 വോട്ടുകളാണ് അധികമായി ലഭിച്ചത്. യു.ഡി.എഫ് ഭരണത്തിലുള്ള മീനടത്ത് 2333 വോട്ടുകളാണ് ഭൂരിപക്ഷം. സഭാതർക്കത്തെ തുടർന്ന് കഴിഞ്ഞ തവണ കൈവിട്ട യാക്കോബായ വോട്ടുകൾ ഉമ്മൻ ചാണ്ടിയെന്ന വികാരത്തിനൊപ്പം യു.ഡി.എഫിലേക്ക് മടങ്ങിയെത്തിയെന്നാണ് വിലയിരുത്തൽ.
ജെയ്ക്കിന് ലീഡ് ഒറ്റ ബൂത്തിൽ മാത്രം
കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് സ്വന്തം ബൂത്തിൽപോലും മുന്നേറ്റമുണ്ടാക്കാനായില്ല. 2021ൽ ജെയ്ക് 143 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഇവിടെ ഇത്തവണ ചാണ്ടി ഉമ്മൻ 146 വോട്ടിനു മുന്നിലെത്തി. സ്വന്തം തട്ടകമായ മണർകാട് പഞ്ചായത്തും കഴിഞ്ഞ തവണ ലീഡ് നൽകിയ പാമ്പാടി പഞ്ചായത്തും ജെയ്ക്കിനെ കൈവിട്ടു. പുതുപ്പള്ളി മണ്ഡലത്തിൽ ഒരൊറ്റ ബൂത്തിൽ മാത്രമാണ് ജെയ്ക് മുന്നിലെത്തിയത്. മീനടം പഞ്ചായത്തിലെ പുതുവയൽ 153ാം ബൂത്തിലാണ് ജെയ്ക്കിന് 15 വോട്ടിന്റെ ലീഡ് ലഭിച്ചത്. ഇവിടെ ജെയ്ക് 340 വോട്ടും ചാണ്ടി ഉമ്മൻ 325 വോട്ടും നേടി. ബാക്കി എല്ലാ ബൂത്തുകളിലും ചാണ്ടി ഉമ്മനാണ് ഒന്നാമതെത്തിയത്. മന്ത്രി വി.എൻ. വാസവന്റെ ബൂത്തിലും ലീഡ് ചാണ്ടി ഉമ്മനാണ്.
ജെയ്ക്കിന്റെ ബൂത്തായ മണർകാട് പഞ്ചായത്തിലെ 72ൽ കഴിഞ്ഞ തവണ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ നേടിയ വോട്ടുകൾ വെച്ചുമാറിയ അവസ്ഥയാണ് ഇത്തവണ. 2021ൽ ഉമ്മൻ ചാണ്ടി നേടിയത് 338 വോട്ടാണ്. അതേ എണ്ണം തന്നെ ഇത്തവണ ജെയ്ക്കിന് കിട്ടി. 2021ൽ ജെയ്ക്കിന് കിട്ടിയത് 481 വോട്ടാണ്. ഇത്തവണ ചാണ്ടി ഉമ്മന് ലഭിച്ചതാവട്ടെ 484 വോട്ടും. പോളിങ് വൈകിയതിനെച്ചൊല്ലി ആക്ഷേപമുയർന്ന മണർകാട് ഗവ. എൽ.പി സ്കൂളിലെ ബൂത്തുകളിലൊന്നാണിത്.
ചാണ്ടി ഉമ്മനും കുടുംബവും വോട്ടുചെയ്ത പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126ാം ബൂത്ത് ഇത്തവണയും യു.ഡി.എഫിനൊപ്പം നിന്നു. ചാണ്ടി ഉമ്മൻ 485 വോട്ട് നേടിയപ്പോൾ ജെയ്ക്കിന് കിട്ടിയത് 106 വോട്ടുമാത്രം. 2021ൽ ഇവിടെ ഉമ്മൻ ചാണ്ടി 406ഉം ജെയ്ക് 142ഉം വോട്ടാണ് നേടിയത്.
മന്ത്രി വി.എൻ. വാസവന്റെ പാമ്പാടി പഞ്ചായത്തിലെ 102ാം ബൂത്തിൽ 471 വോട്ട് ചാണ്ടി ഉമ്മൻ നേടിയപ്പോൾ ജെയ്ക്കിന് കിട്ടിയത് 230 വോട്ടുമാത്രമാണ്. 2021ലും ഈ ബൂത്തിൽ ജെയ്ക്കിന് ലീഡുണ്ടായിരുന്നില്ല. 289 വോട്ട് ജെയ്ക് നേടിയപ്പോൾ ഉമ്മൻ ചാണ്ടി 398 വോട്ട് പിടിച്ചിരുന്നു.
ഒറ്റ ബൂത്തിൽ മാത്രമാണ് ജെയ്ക്കിന്റെ വോട്ട് 400 കടന്നത്. പാമ്പാടി പഞ്ചായത്തിലെ 89ാം ബൂത്തിൽ 449 വോട്ടാണ് നേടിയത്. ഇതാണു ജെയ്ക്കിന്റെ മണ്ഡലത്തിന്റെ ഉയർന്ന വോട്ടും. കുറഞ്ഞ വോട്ട് അകലക്കുന്നം പഞ്ചായത്തിലെ 44ാം ബൂത്തിലും- 17.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.