ഹാട്രിക് തോൽവിയുമായി ജെയ്ക്
text_fieldsകോട്ടയം: വാശിയേറിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് നേരിട്ടത് മൂന്നാമത്തെ പരാജയം. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മകനും യു.ഡി.എഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ 37719 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് 42,425 വോട്ടും പിടിച്ചു.
2016ലെ തെരഞ്ഞെടുപ്പിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ആദ്യമായി ജെയ്ക് സി. തോമസ് ഇടത് സ്ഥാനാർഥിയാകുന്നത്. ആ തെരഞ്ഞെടുപ്പിൽ 27,092 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി വിജയിക്കുന്നത്. ആകെ പോൾ ചെയ്ത 1,34,034 വോട്ടിൽ 71,597 വോട്ട് ഉമ്മൻചാണ്ടിയും 44,505 വോട്ട് ജെയ്ക് സി. തോമസും പിടിച്ചു.
2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്കെതിരെ ജെയ്കിനെ വീണ്ടും സ്ഥാനാർഥിയാക്കി സി.പി.എം. വാശിയേറിയ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറക്കാൻ ജെയ്കിന് സാധിച്ചു. മുൻ തെരഞ്ഞെടുപ്പിലെ 27,092ൽ നിന്നും ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9,044 ആയാണ് കുറഞ്ഞത്. ആകെ പോൾ ചെയ്ത 1,31,797 വോട്ടിൽ ഉമ്മൻചാണ്ടി 63,372 വോട്ട് പിടിച്ചപ്പോൾ ജെയ്ക് 54,328 വോട്ട് നേടി.
ഇത്തവണ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ വൈകിയ സി.പി.എം മൂന്നാം തവണയും ജെയ്കിനെ നിർത്തുകയായിരുന്നു. എട്ട് പഞ്ചായത്തിൽ പുതുപ്പള്ളി അടക്കം ആറിടത്ത് എൽ.ഡി.എഫ് ഭരണപിടിച്ചത് ചൂണ്ടിക്കാട്ടിയാണ് പുതുപ്പള്ളി മണ്ഡലത്തിൽ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഇതോടൊപ്പം പിണറായി സർക്കാറിന്‍റെ വികസനം വിഷയമാക്കി.
എന്നാൽ, ഇടത് സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും ഉമ്മൻചാണ്ടിയുടെ മരണം ഉയർത്തിവിട്ട സഹതാവുമാണ് ജെയ്കിന് മൂന്നാം തവണ തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.