ജെയ്കും കളത്തിൽ; അതിവേഗത്തിൽ പുതുപ്പള്ളി
text_fieldsകോട്ടയം: സ്ഥാനാർഥി ചിത്രം വ്യക്തമായതോടെ പുതുപ്പള്ളി തെരഞ്ഞെടുപ്പാവേശത്തിലേക്ക്. സി.പി.എം. കോട്ടയം ജില്ല കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവുമായ ജെയ്ക് സി.തോമസ് എൽ.ഡി.എഫ് സ്ഥാനാർഥിയായി കളത്തിലിറങ്ങിയതോടെ മത്സരരംഗം കൂടുതല്‍ സജീവമായി. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിയോട് ഏറ്റുമുട്ടിയ ജെയ്ക്, മൂന്നാം മത്സരത്തിൽ അദ്ദേഹത്തിന്‍റെ മകനുമായാണ് കൊമ്പുകോർക്കുന്നത്. ഒപ്പം രണ്ട് യുവനേതാക്കൾ മുഖാമുഖമെത്തുന്നതും മണ്ഡല ചരിത്രത്തിലാദ്യം.
യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രചാരണത്തിൽ ദിവസങ്ങൾ മുന്നിലായതിനാൽ, അതിവേഗ നീക്കങ്ങളിലാണ് ഇടതുമുന്നണി. സ്ഥാനാർഥി പ്രഖ്യാപനത്തിനുതൊട്ടുപിന്നാലെ മണ്ഡലം പര്യടനത്തിനും എൽ.ഡി.എഫ് തുടക്കമിട്ടു. ജന്മനാടായ മണർകാടുനിന്ന് ശനിയാഴ്ച ഉച്ചക്ക് 2.30നായിരുന്നു ജെയ്ക്.സി.തോമസിന്‍റെ റോഡ് ഷോ ആരംഭിച്ചത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത സ്ഥാനാർഥി പര്യടനം അയർക്കുന്നം, കൂരോപ്പട, പാമ്പാടി, മീനടം, പുതുപ്പള്ളി വഴി ഞാലിയാംകുഴിയിൽ സമാപിച്ചു.
ബുധനാഴ്ച ജെയ്ക് പത്രിക സമർപ്പിക്കും. അന്ന് വൈകീട്ട് മണര്‍കാട്ട് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെന്‍ഷനും നടക്കും. പരിചയപ്പെടുത്തൽ ആവശ്യമില്ലാത്തതും മത്സരപരിചയമുള്ളതും ജെയ്കിന് പ്രചാരണരംഗത്ത് മുൻതൂക്കം നൽകുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.
യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ശനിയാഴ്ചയും മണ്ഡലത്തിൽ സജീവമായിരുന്നു. രാവിലെ തിരുവല്ലയിലെത്തി മാർത്തോമ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്തയെ ചാണ്ടി ഉമ്മൻ സന്ദർശിച്ചു.
ഇവിടെ നിന്ന് ചേർത്തലയിലെത്തിയ അദ്ദേഹം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പിന്തുണയും തേടി. തുടർന്ന് പുതുപ്പള്ളിയിൽ മടങ്ങിയെത്തി വീടുകൾ കയറി വോട്ട് അഭ്യർഥിച്ചു. വൈകീട്ട് മണർകാട്ടായിരുന്നു സന്ദർശനം.
ചാണ്ടി ഉമ്മനുവേണ്ടി യു.ഡി.എഫ് സ്ക്വാഡുകളും ശനിയാഴ്ച രംഗത്തിറങ്ങി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാതൃകയിലുള്ള പ്രചാരണത്തിനാണ് തീരുമാനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കളും മണ്ഡലത്തിലെത്തിയിട്ടുണ്ട്. ഇവരും പ്രചാരണങ്ങളിൽ സജീവമാണ്. മുതിർന്ന നേതാക്കളടക്കം വീട് കയറി വോട്ട് അഭ്യർഥിച്ചുതുടങ്ങി.
ബി.ജെ.പിയുടെ പ്രചാരണത്തിന് ഞായറാഴ്ച ഔദ്യോഗിക തുടക്കമാകും. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ വൈകീട്ട് മണ്ഡലത്തിലെ 182 ബൂത്ത് യോഗങ്ങളും നടക്കും. സ്ഥാനാർഥിയുടെ പേര് ഒഴിച്ചിട്ട് ചുവരെഴുത്തുകളും ബി.ജെ.പി നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.