നിസാരകാര്യത്തിന് മൊബൈലിൽ വിളിച്ചാൽ ‘പണികിട്ടും’
text_fieldsജയിലുകളിലെ ക്രമസമാധാനത്തെയും പൊതുവായ അച്ചടക്കത്തെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ മൊബൈല്‍ഫോണില്‍ ബന്ധപ്പെടാവൂ
തൃശൂർ: ജയിൽ മേധാവിയെ മൊബൈൽ ഫോണിൽ വിളിച്ചാൽ പണി ഉറപ്പ്. അപ്രധാന കാര്യങ്ങൾക്ക് തന്നെ ഫോണിൽ വിളിക്കുന്നത് അച്ചടക്ക ലംഘനമാണെന്ന ജയിൽ ഐ.ജി സർക്കുലർ മുഖാന്തരം കീഴുദ്യോഗസ്ഥരെ അറിയിച്ചു.
രാപ്പകൽ ഭേദമന്യേ പ്രാധാന്യമല്ലാത്ത വിഷയങ്ങളിൽ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുന്നുവെന്ന് കാട്ടിയാണ് പുതിയ സർക്കുലർ ജയിൽ ഐ.ജി പുറത്തിറക്കിയത്. ജയിൽ വകുപ്പിൽ അസിസ്്റ്റൻറ് പ്രിസൺ ഓഫിസർമാർ മുതൽ ജയിൽ സൂപ്രണ്ടുമാർ വരെ നിസാരകാര്യങ്ങൾ പറഞ്ഞ് നിത്യവും വിളിക്കുന്നത് വർധിക്കുന്നുവെന്ന് കാട്ടിയാണ് സർക്കുലർ. അപ്രധാനമായ കാര്യങ്ങളിൽ രാത്രിയും പകലും മൊബൈൽ ഫോണിൽ വിളിച്ച് നിരന്തരം ബുദ്ധിമുട്ടിക്കുന്നു.ജയിലുകളിലെ ക്രമസമാധാനത്തെയും പൊതുവായ അച്ചടക്കത്തെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ജയില്‍മേധാവിയെ മൊബൈല്‍ഫോണില്‍ ബന്ധപ്പെടാവൂ എന്നാണ് നിർദേശം.
ജയിൽ സ്ഥാപനങ്ങളുടെ ക്രമസമാധനത്തേയും പൊതുവായ അച്ചടക്കത്തേയും ബാധിക്കുന്ന തരത്തിലുള്ള ഗൗരവമേറിയ പ്രശ്നങ്ങൾ, ഏതെങ്കിലും പ്രതി ജയിലിൽ നിന്ന് രക്ഷപ്പെടാനിടയുള്ള അവസരം, ജയിൽ അന്തേവാസികളുടെ ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങൾ, അന്തേവാസികൾ മരണപ്പെടുന്ന സാഹചര്യം, ജയിൽസുരക്ഷയെയും നടത്തിപ്പിനെയും ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള അടിയന്തര ഘട്ടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ മാത്രമേ ജയിൽമേധാവിയെ നേരിട്ടു ഫോണിൽ ബന്ധപ്പെടാവൂ. ജയില്‍വകുപ്പുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ക്ക് ജയില്‍ ഡി.ജി.പി.യുടെ ഔദ്യോഗിക ലാന്‍ഡ് ലൈന്‍ നമ്പറായ 0471-2342744, 0471-2330525 (ക്യാമ്പ് ഓഫിസ് നമ്പര്‍) എന്നിവ ഉപയോഗിക്കണം. വകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും സർക്കുലർ കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.