ജയിൽചാട്ടം: ഡ്യൂട്ടി നൽകിയതിൽ വീഴ്ച; അന്വേഷണ റിപ്പോർട്ട് കൈമാറി
text_fieldsകണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് മയക്കുമരുന്ന് കേസ് പ്രതി ഹർഷാദ് രക്ഷപ്പെട്ട സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ വെൽഫെയർ ടീമിൽ നിയോഗിച്ചത് ജയിലധികൃതരുടെ വീഴ്ചയാണെന്ന് റിപ്പോർട്ടിന്റെ ചുരുക്കം. തടവുകാരൻ രക്ഷപ്പെട്ടത് സംബന്ധിച്ച് തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. വിജയകുമാർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ട് ബുധനാഴ്ച ജയിൽ ഡി.ഐ.ജിക്ക് സമർപ്പിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ ഞായറാഴ്ച എത്തിയ സൂപ്രണ്ട് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തടവുകാരനെ അകമ്പടിയൊന്നുമില്ലാതെ ജയിൽ വളപ്പിലേക്ക് വിട്ടത് വീഴ്ചയാണെന്ന് അദ്ദേഹം അന്നുതന്നെ പറഞ്ഞിരുന്നു.
ഒരുവർഷമായി ജയിലിൽ കഴിയുന്ന ഹർഷാദ് ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റിയാണ് ജയിൽചാടിയത്. ഇയാൾ അനധികൃതമായി ഫോൺ ഉപയോഗിച്ച് ആരെയാണ് വിളിക്കുന്നതെന്ന് ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനാവാത്തതും വീഴ്ചയാണ്. കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ ജയിൽചാട്ടമാണ് ഹർഷദിന്റേത്. അതിനിടെ, പ്രതിയുടെ ഒളിത്താവളം കേന്ദ്രീകരിച്ച് വ്യാപക അന്വേഷണമാണ് നടക്കുന്നത്. അന്വേഷണ സംഘം രണ്ടുദിവസമായി കർണാടകയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.