തടവു ചാടിയ പ്രതി പിടിയിൽ; പ്രതിയെ കുടുക്കിയത് പഴുതടച്ച അന്വേഷണം
text_fieldsകണ്ണൂർ: മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ പ്രതി തടവ് ചാടിയ സംഭവം ജയിൽ അധികൃതർക്കും അന്വേഷണ സംഘത്തിനും തുടക്കത്തിൽ സൃഷ്ടിച്ചത് കടുത്ത വെല്ലുവിളി. പ്രതിയുടെ രക്ഷപ്പെടലിനെക്കുറിച്ച് ഒരു സൂചനയും കുറച്ചു ദിവസത്തേക്ക് അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല. ശരിക്കും ഇരുട്ടിൽ തപ്പുന്ന പ്രതീതിയായിരുന്നു. ഏക പ്രതീക്ഷ സി.സി.ടി.വിയായിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ അറസ്റ്റിലേക്ക് എത്താൻ എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് തുമ്പായത്. പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിന്റെ ഫലമാണ് സംഭവത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റിന് വഴിയൊരുക്കിയത്.
മുൻ സി.ഐ പി.ഐ. ബിനുമോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി രക്ഷപ്പെട്ട ബൈക്ക് ബംഗളൂരുവിൽനിന്ന് കണ്ടെത്തിയതാണ് ആകെയുണ്ടായ അന്വേഷണ പുരോഗതി. ഇത് വാടകക്ക് നൽകിയ സ്ഥാപനത്തിൽനിന്ന് കിട്ടിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. ഈ നമ്പറിൽനിന്ന് പെൺസുഹൃത്ത് അപ്സര നിരവധി തവണ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വിളിച്ചതായി കണ്ടെത്തിയത് അന്വേഷണ സംഘത്തിന് സഹായകമായി.
ഹർഷാദിന് തടവ് ചാടുന്നതിനും ഒളിവിൽ കഴിയുന്നതിനും എല്ലാ സഹായവും ചെയ്തത് അപ്സരയായിരുന്നുവെന്ന് എ.സി.പി കെ.വി. വേണുഗോപാൽ പറഞ്ഞു. ഇതിനിടെയിലാണ് പ്രതിയുടെ മരുമകൻ റിസ്വാൻ കോടതിയിൽ കീഴടങ്ങിയത്. റിസ്വാനെ ചോദ്യം ചെയ്തതിൽനിന്നാണ് കൂടുതൽ വിവരങ്ങൾ കിട്ടിയത്. ടാറ്റു ജോലി ചെയ്തുവരുന്ന അപ്സര തലശ്ശേരിയിൽവെച്ചാണ് ഹർഷാദുമായി പരിചയപ്പെടുന്നത്. ഹർഷാദിന്റെ ഒരു സുഹൃത്തിന്റെ സ്ഥാപനത്തിൽ അപ്സര ജോലി ചെയ്തിരുന്നു. ഇവിടെവെച്ചാണ് ഇരുവരും പ്രണയത്തിലായത്. ഹർഷാദിന്റെ ഭാര്യയാണെന്നും ഏറെക്കാലമായി ഒരുമിച്ചാണ് താമസമെന്നുമാണ് അപ്സര പൊലീസിനോട് പറഞ്ഞത്.
ഇതിനിടെ, വിദേശത്തേക്ക് കടന്നതായി തെറ്റിദ്ധരിപ്പിക്കാനും പ്രതികൾ ശ്രമം നടത്തി. ഇതിന്റെ ഭാഗമായാണ് ഡൽഹിയിലും നേപ്പാൾ അതിർത്തിയിലും ഹർഷാദും അപ്സരയും എത്തിയത്. ഇവിടെ നിന്ന് ഇവർ മൊബൈലും ലോക്കേഷഷനും ഓണാക്കി. അതിനുശേഷം വീണ്ടും മൊബൈൽ ഓഫാക്കി. പിന്നീട് ഡൽഹിയിലേക്കും അവിടെ നിന്ന് ബംഗളൂരുവിലേക്കും മടങ്ങിയെത്തി. ഇവിടെനിന്നാണ് ഒളിത്താവളത്തിലേക്ക് പോയത്. ആദ്യം ഒളിത്താവളം കണ്ടെത്തിയത് കല്ലൽ എന്ന സ്ഥലത്ത്. പിന്നീട് നേരത്തേ ഒരു സബ് കലക്ടർ താമസിച്ച മറ്റൊരു ഫ്ലാറ്റ് വാടകക്കെടുത്തു. സബ് കലക്ടർ താമസിച്ച ഫ്ലാറ്റ് ആകുമ്പോൾ പൊലീസ് ശ്രദ്ധ പതിയില്ലെന്നായിരുന്നു കണക്കുകൂട്ടൽ.
സംഭവത്തിൽ മൂന്ന് പ്രതികൾ മാത്രമോ
ഹർഷാദ് ജയിൽ ചാടിയ സംഭവത്തിൽ മൂന്നു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. കുടുതൽ പ്രതികളുണ്ടോയെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ച് വ്യക്തമാകണമെങ്കിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എ.സി.പി പറഞ്ഞു. ഹർഷാദിനെയും പെൺസുഹൃത്ത് അപ്സരയെയും വൈകീട്ടോടെ റിമാൻഡ് ചെയ്തു.
ഹർഷാദ് ജയിലിൽ ഉപയോഗിച്ചത് അഞ്ച് മൊബൈൽ ഫോണുകൾ
ഹർഷാദ് ജയിലിൽ ഉപയോഗിച്ചത് അഞ്ച് മൊബൈൽ ഫോണെന്ന് അന്വേഷണ സംഘം കണ്ടെത്തി. 17 കേസുകളിൽ പ്രതിയായ ഇയാൾക്ക് എങ്ങനെയാണ് ജയിലിൽ വെൽഫെയർ ഡ്യൂട്ടി നൽകിയതെന്ന ചോദ്യമാണ് അന്വേഷണസംഘം ഉന്നയിക്കുന്നത്. സാധാരണയായി തടവു ശിക്ഷ കാലാവധി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളവരെയാണ് ഇത്തരം ജോലികള്‍ ഏല്‍പ്പിക്കാറുള്ളത്. മയക്കുമരുന്നു കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട ഇയാൾക്ക് ഇനിയുംഎട്ടുവർഷം ശിക്ഷാകാലാവധി ബാക്കിയിരിക്കെയാണ് ജയിൽ ചാടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.