'ജയിൽ ചാടിയത് വീട്ടുകാരെ കാണാൻ; ഇറങ്ങിവന്നാൽ തല്ലുമെന്ന് അറിയാം...'
text_fieldsനേമം: താൻ നല്ല സ്വബോധത്തോടെയാണ് സംസാരിക്കുന്നതെന്നും ഇറങ്ങിവന്നാൽ തല്ലുമെന്ന് അറിയാമെന്നും അതുകൊണ്ട് മോഹന വാഗ്ദാനങ്ങളിൽ ഒന്നും വീഴില്ലെന്നും പറഞ്ഞു മരക്കൊമ്പിൽ നിലയുറപ്പിച്ച ക്രിമിനൽ കേസ് പ്രതി പൊലീസിനെയും ഫയർഫോഴ്സിനെയും വട്ടംചുറ്റിച്ചത് ഏതാണ്ട് രണ്ട് മണിക്കൂർ. കോട്ടയം സ്വദേശി സുഭാഷാണ് ചൊവ്വാഴ്ച വൈകീട്ട് നാലോടെ പൂജപ്പുര സെൻട്രൽ ജയിലിന്റെ വളപ്പ് ചാടിക്കടന്ന് ഗേറ്റിനു പുറത്തുകൂടെ രക്ഷപ്പെടാൻ ശ്രമിച്ചത്.
എന്നാൽ, പുറത്ത് എത്തുന്നതിന് മുമ്പുതന്നെ ജീവനക്കാർ കണ്ടതോടുകൂടിയാണ് 20 അടിയോളം ഉയരമുള്ള മരത്തിൽ ഇയാൾ വലിഞ്ഞു കയറിയത്. മരത്തിന്റെ ശാഖ ചരിഞ്ഞു വീഴാൻ തുടങ്ങിയതോടുകൂടിയാണ് ഇയാളെ കയർ കൊണ്ടുള്ള കൂട ഉപയോഗിച്ച് ഫയർഫോഴ്സ് വലയിലാക്കിയത്.
കേസുകളെല്ലാം നീക്കാമെന്നും വെറുതെ വിടാമെന്നും വീട്ടുകാരെ കാണാൻ പൂർണമായും അനുവദിക്കാമെന്നുമുള്ള മോഹന വാഗ്ദാനങ്ങൾക്കൊന്നും പ്രതിയെ മയപ്പെടുത്താൻ സാധിച്ചില്ല. ആദ്യം പിതാവിനെ കാണണമെന്ന് ആവശ്യപ്പെട്ട പ്രതി പിന്നീട് ഭാര്യയെ കാണാൻ തനിക്ക് വീട്ടിലേക്ക് പോകണമെന്നാണ് അറിയിച്ചത്. തുറന്ന ജയിലിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് നാലുമാസം മുമ്പാണ് പ്രതിയെ മാറ്റിയത്.
അതുമൂലമുള്ള മാനസിക വിഭ്രാന്തി ആയിരിക്കാം പരസ്പരബന്ധമില്ലാതെയുള്ള പ്രതിയുടെ സംസാരത്തിന് പിന്നിലെന്നാണ് കരുതുന്നത്. പ്രതിയെ മരത്തിന് താഴെ എത്തിച്ചശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് തിരികെ ജയിലിൽ പ്രവേശിപ്പിച്ചത്. യുവാവ് ജയിൽ ചാടിയതിന് പിന്നിൽ ജയിൽ അധികൃതരുടെ വീഴ്ചയുണ്ടെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.