'സി.പി.എം കേരളത്തിന്റെ ഭൂപടം കണ്ടിട്ടില്ലേ'; ഭാരത് ജോഡോ യാത്രക്കെതിരായ വിമർശനത്തിന് ജയറാം രമേശ്
text_fieldsകൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ കൂടുതൽ ദിവസം കേന്ദ്രീകരിക്കുകയാണെന്നും ഉത്തർപ്രദേശിൽ ദിവസങ്ങൾ കുറവാണെന്നും വിമർശിക്കുന്ന സി.പി.എം കേരളത്തിന്റെ ഭൂപടം കണ്ടിട്ടില്ലേയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്. സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളിൽ യാത്ര കടന്നുചെല്ലുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. കേരളം നീളം കൂടിയ സംസ്ഥാനമായതു കൊണ്ടാണ് 370 കിലോമീറ്റർ പിന്നിടാനായി 18 ദിവസങ്ങളെടുക്കുന്നത്. കർണാടകയിലും രാജസ്ഥാനിലും 21 ദിവസവും മഹാരാഷ്ട്രയിൽ 16 ദിവസവും യു.പിയിൽ അഞ്ചു ദിവസവുമാണ് യാത്ര. ഇതെല്ലാം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.
യാത്രക്ക് ജനങ്ങളുടെ ഭാഗത്തുനിന്നു ലഭിക്കുന്ന വലിയ സ്വീകരണം തമിഴ്നാട്ടിൽ ബി.ജെ.പിയെയും കേരളത്തിൽ സി.പി.എമ്മിനെയും സമ്മർദത്തിലാക്കിയിരിക്കുകയാണ്. കോൺഗ്രസിന്റെ 'മൃതസഞ്ജീവനി'യാണ് ഈ യാത്ര, അല്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല ഈ യാത്ര നടത്തുന്നത്. വർഗീയ ധ്രുവീകരണം വിഭജിച്ച് ഇല്ലാതാക്കുന്ന ഇന്ത്യയെ തിരിച്ചു പിടിക്കാനും കോൺഗ്രസിനെ ശക്തിപ്പെടുത്താനുമാണ് യാത്രയെന്നും ജയറാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.