കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി;കണ്ണൂരിലെ കന്യാസ്ത്രീ മഠത്തിൽ പൊലീസ് പരിശോധന നടത്തുന്നു
text_fieldsപയ്യന്നൂർ: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെക്കുറിച്ചന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കണ്ണൂരിലെ രണ്ട് മഠങ്ങൾ സന്ദർശിച്ച് തെളിവെടുത്തു. വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ നേതൃത്വത്തിൽ വനിത പൊലീസ് ഉൾപ്പെടെയുള്ള നാലംഗ അന്വേഷണസംഘമാണ് പരിയാരം ഗവ. ആയുർവേദ കോളജിനടുത്തുള്ള സെൻറ് ക്ലാരാസ് മിഷൻ ഹോം, പാണപ്പുഴ പറവൂരിലുള്ള മരിയ സദൻ കോൺവെൻറ് എന്നിവിടങ്ങളിലെത്തി തെളിവെടുപ്പു നടത്തിയത്. അന്വേഷണത്തിൽ കന്യാസ്ത്രീയുടെ പരാതി ശരിവെക്കുന്ന ചില നിർണായകവിവരങ്ങൾ ലഭിച്ചതായാണ് സൂചന. പരിയാരത്തെ കോൺവെൻറിലെ സന്ദർശക രജിസ്റ്റർ ഉൾപ്പെടെ പരിശോധിച്ച അന്വേഷണസംഘം കന്യാസ്ത്രീകളിൽനിന്ന് മൊഴിയെടുക്കുകയും ചില രേഖകൾ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. വൈകീട്ട് മൂന്നുമണിക്കാരംഭിച്ച പരിശോധന രണ്ടുമണിക്കൂറിലധികം നീണ്ടു.
പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്ന കാലഘട്ടത്തിൽ ബിഷപ് ഇവിടെ സന്ദർശനം നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. നാലുതവണ ബിഷപ് പരിയാരത്തെ സെൻറ് ക്ലാരാസ് മിഷൻ ഹോമിൽ എത്തിയെങ്കിലും ഇവിടെ താമസിച്ചിട്ടില്ല എന്നാണ് പൊലീസിന് ലഭിച്ച വിവരം. കണ്ണൂരിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോഴാണത്രെ ബിഷപ് മിഷൻ ഹോമിലെത്തിയത്. 2013 -14 കാലഘട്ടത്തിൽ കണ്ണൂരിലെത്തി പൊതുപരിപാടികളിൽ പങ്കെടുത്ത് തിരിച്ചുപോകുമ്പോൾ കുറുവിലങ്ങാട്ടെ ആശ്രമത്തിൽ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. കണ്ണൂരിൽ താമസിച്ചിട്ടില്ല എന്ന കണ്ടെത്തൽ പരാതിക്കാരിയുടെ ആരോപണം ബലപ്പെടുത്തുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ബിഷപ് വന്ന കാലയളവിൽ മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകൾ ഇപ്പോൾ ഇവിടെയില്ല. ഇവരുടെ വിവരങ്ങൾ ശേഖരിച്ച ഉേദ്യാഗസ്ഥർ ഇപ്പോഴുള്ള സ്ഥലത്തെത്തി മൊഴിയെടുക്കും. ബിഷപ്പിെൻറ അറസ്റ്റ് ഉടൻ ഉണ്ടാവില്ലെന്നാണ് ഡിവൈ.എസ്.പി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. പരമാവധി തെളിവുകൾ ശേഖരിച്ചശേഷമായിരിക്കും ഉദ്യോഗസ്ഥർ ജലന്ധറിലെത്തി ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.