ആറ് വർഷത്തിന് ശേഷം ജലനിധി കണക്ഷൻ; തെങ്ങിലാൻ സുബൈറിന് ജലസമൃദ്ധി
text_fieldsവേങ്ങര: ജലനിധി കണക്ഷൻ ലഭിച്ച് ആറുവർഷമായി വെള്ളം ലഭിക്കാതിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിലെ പാക്കടപ്പുറായ മാടംചിനയിൽ തെങ്ങിലാൻ സുബൈറിന്റേത് ഉൾപ്പെടെ നിരവധി വീടുകളിൽ ഇന്ന് കുടിവെള്ളം ലഭിച്ചു. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ജലനിധി അധികൃതരെത്തി കണക്ഷൻ നൽകുകയായിരുന്നു.
കുടിവെള്ളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലം കണ്ടില്ലെന്ന് 2022 നവംബറിൽ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സുബൈറിന് വെള്ളം ലഭിക്കാത്ത വിഷയം ജലനിധി കമ്മിറ്റിക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിരന്തരം പരാതിയായി നൽകിയെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. ശേഷം ജില്ല ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയും സുബൈറിന് അനുകൂലമായി കോടതിവിധി ലഭിക്കുകയും ചെയ്തു. സുബൈറിന് ഉടനെ വെള്ളം ലഭ്യമാക്കാനും പതിനായിരം രൂപ നഷ്ടപരിഹാരവും 2000 രൂപ കേസ് ചെലവിലേക്കും നൽകാനായിരുന്നു വിധി.
എന്നാൽ, വിധിക്കെതിരെ ജലനിധി കമ്മറ്റി അപ്പീൽ പോയത് കാരണം വിധി നടപ്പാക്കാനായില്ല. ഉപഭോക്തൃ കോടതി വിധിക്കെതിരെ ജലനിധി കമ്മിറ്റി നൽകിയ അപ്പീൽ കോടതി തള്ളുകയും ജലനിധി കമ്മിറ്റിയോട് വിധി നടപ്പാക്കാൻ നിർദേശിക്കുകയും ചെയ്യുകയായിരുന്നു. കോടതി നിർദേശത്തെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം ജലനിധി അധികൃതർ വെള്ളം ലഭ്യമാകാത്തതിന്റെ കാരണം പഠിക്കുകയും മെയിൻ ലൈനിൽനിന്ന് തങ്ങൾസ് റോഡിലേക്ക് പോകുന്ന ഭാഗത്ത് പൈപ്പിൽ കല്ല് നിറഞ്ഞ് വാൽവ് അടഞ്ഞതായി കണ്ടെത്തുകയുമായിരുന്നു. ആ തടസ്സം നീക്കിയതോടെ വെള്ളം ലഭിക്കുകയും ചെയ്തു. കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കാൻ സഹായിച്ച മുഴുവൻ ആളുകൾക്കും സുബൈർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.