ജലീലിന് മൂക്കുകയർ: സി.പി.എമ്മിന് ലക്ഷ്യം പലത്
text_fieldsതിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട എ.ആർ സഹകരണ ബാങ്ക് ക്രമക്കേട് ആരോപണത്തിൽ കെ.ടി. ജലീലിന് മൂക്കുകയറിട്ടതിനുപിന്നിൽ സർക്കാറിനും സി.പി.എമ്മിനും ലക്ഷ്യങ്ങൾ പലത്. ക്രമക്കേടുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കണമെന്ന ആവശ്യത്തെ മുഖ്യമന്ത്രിക്കുപിന്നാലെ സഹകരണ മന്ത്രിയും സി.പി.എം ആക്ടിങ് സെക്രട്ടറിയും തള്ളിയത് ജലീലിന് ക്ഷീണമാണ്. പക്ഷേ, ജലീലിനെതിരെ സി.പി.എമ്മിൽനിന്ന് മറ്റു നീക്കങ്ങളുണ്ടാകില്ല.
പാർട്ടിയോട് ആലോചിക്കാതെ ജലീൽ അമിതാവേശം കാട്ടിയെന്നാണ് സി.പി.എമ്മിെൻറ വിലയിരുത്തൽ. പാർട്ടി അംഗമല്ലാത്തതിനാൽ സംഘടനപരമായ കെട്ടുപാടുകളും അദ്ദേഹത്തിന് ബാധകമല്ല. പക്ഷേ, അവശ്യം വേണ്ട വിഷയങ്ങളിൽ മാർഗനിർദേശം നൽകുന്നുമുണ്ട്.
കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് ഇടപെടുന്നതിൽ സി.പി.എം എന്നും എതിരാണ്. ജലീൽ ഇ.ഡിക്ക് തെളിവുകൾ നൽകുന്നതും മറ്റും സഹകരണ മേഖലയിൽ കേന്ദ്ര ഏജൻസികളുടെ കടന്നുവരവിനിടയാക്കുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. സംസ്ഥാനത്തുള്ള 1625 സഹകരണ ബാങ്കുകളിൽ 65 ശതമാനവും സി.പി.എം നിയന്ത്രണത്തിലാണ്. സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമെന്ന ബി.ജെ.പിയുടെ ആക്ഷേപത്തിെൻറയും കേന്ദ്രം ഇടപെടാനൊരുങ്ങുന്നെന്ന വാർത്തകളുടെയും പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ഇടപെടൽ. എന്നാൽ, എ.ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ താൻ ഒരിക്കലും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി. ജലീൽ 'മാധ്യമ'ത്തോട് പറഞ്ഞു.
'നിലവിൽ സഹകരണ വകുപ്പ് നല്ല നിലയിൽ ഇടപെടുന്നു. ആദായ നികുതി വകുപ്പാണ് സഹകരണ അന്വേഷണ വിഭാഗത്തോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. ആർ.ബി.െഎയും ഇടപെടുന്നു. ആ സാഹചര്യത്തിൽ ഇ.ഡി അന്വേഷണ ആവശ്യം ഉയരുന്നില്ല. മലപ്പുറം ജില്ലയിലെ വിഷയമെന്ന നിലയിലാണ് തെൻറ ഇടപെടൽ. അല്ലാതെ ആരോടും വ്യക്തി വിേദ്വഷമില്ല'- അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരായ വ്യക്തിപരമായ ഏറ്റുമുട്ടലെന്ന നിലയിലേക്ക് വഷളാകുന്നതിനെക്കാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം കേന്ദ്രങ്ങളിലുണ്ടായ വോട്ട് രാഷ്ട്രീയത്തിെൻറ നേട്ടത്തിലാണ് സി.പി.എമ്മിെൻറ നോട്ടം.
ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരായ നിരന്തര ആക്രമണം സി.പി.എമ്മിന് വിയോജിപ്പുള്ള ചില മുസ്ലിം സംഘടനകളുടെ ഇടപെടലിന് വഴിയൊരുക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. സി.പി.എമ്മിനെതിരായി ന്യൂനപക്ഷ സംഘടനകളുടെ ഏകീകരണമെന്ന ഇൗ സംഘടനകളുടെ കെണിയിൽ വീഴാൻ പാടില്ലെന്നതാണ് ജലീലിനെ നിയന്ത്രിക്കുന്നതിലേക്ക് നയിക്കുന്നത്. പക്ഷേ, കുഞ്ഞാലിക്കുട്ടി-പിണറായി സൗഹൃദമെന്ന ആക്ഷേപത്തിന് മറുപടി പറയേണ്ട ബാധ്യത നേതൃത്വത്തിേൻറത് മാത്രമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.