ജൽജീവൻ: കരാറുകാർക്ക് കുടിശ്ശിക 1660 കോടി; ആശങ്ക
text_fieldsആലപ്പുഴ: എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല കണക്ഷൻ എത്തിക്കുന്ന ജൽജീവൻ പദ്ധതി സംസ്ഥാനത്ത് ഇഴയുന്നു. പദ്ധതി അവസാനിക്കാൻ ഒരുവർഷം മാത്രം ശേഷിക്കെകുടിവെള്ള കണക്ഷൻ നൽകിയത് ആകെ നൽകേണ്ട വീടുകളുടെ പകുതിയോളം എണ്ണത്തിൽ മാത്രം. കോടികൾ കുടിശ്ശിക വരുത്തിയതോടെ കരാറുകാർ ഇനി ജൽജീവൻ പദ്ധതിയുടെ വർക്കുകൾ നടത്തില്ലെന്ന് തീരുമാനത്തിലാണ്.
സംസ്ഥാനത്ത് 70,79,590 ഗ്രാമീണ ഭവനങ്ങളാണുള്ളത്. നിലവിൽ 36,93,291 വീടുകളിൽ മാത്രമാണ് കണക്ഷൻ നൽകിയത്. ലക്ഷ്യമിട്ടതിന്റെ 52.17 ശതമാനം മാത്രമാണിത്. പദ്ധതി നടത്തിപ്പിൽ 31ാം സ്ഥാനത്താണ് കേരളം. ഝാർഖണ്ഡ്, രാജസ്ഥാൻ, ബംഗാൾ സംസ്ഥാനങ്ങൾ മാത്രമാണ് കേരളത്തിന് പിറകിലുള്ളത്. 42,000 കോടി രൂപ വേണ്ട പദ്ധതിയിൽ കേന്ദ്രസർക്കാർ 4600 കോടിയും സംസ്ഥാനം 4200 കോടിയുമാണ് ഇതുവരെ ചെലവഴിച്ചത്.
2024 മാർച്ചിൽ പൂർത്തിയാക്കേണ്ട പദ്ധതിയുടെ കാലാവധി ഒരുവർഷം കൂടി നീട്ടും. ഇക്കാലയളവിൽ ബാക്കി 47.83 ശതമാനംകൂടി പൂർത്തിയാക്കുകയെന്നത് അപ്രായോഗികമാണ്. കരാറുകാരുടെ നിസ്സഹകരണമാണ് പദ്ധതി നടപ്പാക്കാൻ പ്രധാന തടസ്സം. നിസ്സഹകരണത്തിന് കാരണമായി കരാറുകാർ സർക്കാറിനെ കുറ്റപ്പെടുത്തുന്നു. 2024-25 ലെ കേരള ബജറ്റിൽ 550 കോടി രൂപ മാത്രമാണ് ജൽജീവൻ മിഷന് വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര വിഹിതമായി 1100 കോടി പ്രതീക്ഷിക്കുന്നുവെന്നും പറയുന്നു.
2023 ഡിസംബർ 31ലെ കണക്കനുസരിച്ച് കരാറുകാരുടെ 1660 കോടി രൂപയുടെ ബില്ലുകൾ കുടിശ്ശികയാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ പറയുന്നു.കേന്ദ്രസർക്കാർ 45 ശതമാനം, സംസ്ഥാന സർക്കാർ 30 ശതമാനം, ഗ്രാമപഞ്ചായത്ത് 15 ശതമാനം, ഗുണഭോക്താവ് 10 ശതമാനം എന്നിങ്ങനെയാണ് പദ്ധതി ചെലവിന്റെ വിഹിതം. 2018ലെ നിരക്കനുസരിച്ചാണ് ഇവിടെ പദ്ധതി ടെൻഡർ ചെയ്യുന്നത്. പല സംസ്ഥാനങ്ങളും 2021ലെ നിരക്കനുസരിച്ചാണ് ടെൻഡർ നടത്തിയത്.
അവിടങ്ങളിൽ ജോലികൾ വേഗതയിൽ നടന്നു. അടുത്ത സാമ്പത്തിക വർഷത്തിലെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ പൂർണമായി വിനിയോഗിച്ചാലും 2023 ഡിസംബർ വരെയുള്ള കുടിശ്ശിക പോലും കരാറുകാർക്ക് നൽകാനാവില്ല. അതിനാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ നിർത്തിവെക്കാൻ കരാറുകാർ നിർബന്ധിതരായിരിക്കുകയാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പറയുന്നു.
പ്രവൃത്തികൾ തൽസ്ഥിതിയിൽ അവസാനിപ്പിക്കുന്നതായി കരാറുകാർ സർക്കാറിന് കത്ത് നൽകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.