ലക്ഷ്യം കാണാതെ ജൽജീവൻ മിഷൻ; പദ്ധതി വിലയിരുത്താൻ കേന്ദ്രസംഘമെത്തി
text_fieldsതിരുവനന്തപുരം: ഗ്രാമീണമേഖലയിലെ എല്ലാ വീട്ടിലും പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്തിക്കുന്നതിനുള്ള ജലജീവൻ മിഷൻ പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിന് പിന്നാലെ പദ്ധതി പുരോഗതി വിലയിരുത്താൻ ദേശീയ ജലജീവൻ മിഷൻ സംഘം തലസ്ഥാനത്ത്.
പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യലാണ് കേന്ദ്ര സംഘത്തിന്‍റെ ലക്ഷ്യം. മാണിക്കൽ, നെല്ലനാട്, കിഴുവിലം, കഠിനംകുളം എന്നീ പഞ്ചായത്തുകളിലാണ് സംഘം സന്ദർശനം നടത്തിയത്. പഞ്ചായത്ത് അധികൃതരുമായി ചർച്ചയും നടത്തി.
ജലഗുണനിലവാര പരിശോധനയും സഹായ സംഘടനകളുടെ പ്രവർത്തനവും സംഘം വിലയിരുത്തുന്നുണ്ട്. ദേശീയ ജലജീവൻ മിഷനിലെ വിദഗ്ധരായ സുഭാഷ് കുമാർ ചൗധരി, മുരളി എന്നിവരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
ആസൂത്രണത്തിലെ പിഴവും മതിയായ മനുഷ്യവിഭവശേഷിയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും അഭാവവും മൂലം ലക്ഷ്യമിട്ട കണക്ഷൻ കണക്കുകൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് കേന്ദ്ര സംഘത്തിന്‍റെ സന്ദർശനം.
സംസ്ഥാനത്താകെ കഴിഞ്ഞ രണ്ട് വർഷം (2020-21, 2021-22) 33.41 ലക്ഷം കണക്ഷൻ ലക്ഷ്യമിട്ടെങ്കിലും നൽകാനായത് 10.68 ലക്ഷം മാത്രമാണ്. കേന്ദ്ര പദ്ധതിയാണെന്നതിനാൽ കേരളത്തിന്‍റെ സാമൂഹിക സാഹചര്യങ്ങൾ പരിഗണിക്കാതെയുള്ള ആസൂത്രണമാണ് ഇഴച്ചിലിന് കാരണമെന്ന വിമർശനവുമുണ്ട്.
2019 ആഗസ്റ്റിൽ പ്രഖ്യാപിച്ച പദ്ധതി ഒരുവർഷം പിന്നിട്ട ശേഷമാണ് സംസ്ഥാനത്ത് നടപ്പാക്കാൻ തുടങ്ങിയത്. ആറുമാസം മുതൽ ഒരുവർഷം വരെ നീളുന്ന വലിയ ആസൂത്രണം ഇത്ര ബൃഹത്തായ പദ്ധതിക്ക് മുന്നോടിയായി വേണമെന്നും ഇക്കാലയളവിൽ നിർമാണപ്രവർത്തനമൊന്നും പാടില്ലെന്നും വിദഗ്ധരടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
കേരളത്തിൽ ആദ്യവർഷം എത്ര കണക്ഷൻ നൽകാനാകുമെന്നതിൽ യാഥാർഥ്യങ്ങൾക്ക് നിരക്കുന്ന കണക്കുകൂട്ടലുകളല്ല ഉണ്ടായത്. ആദ്യവർഷം സംസ്ഥാനത്ത് 21 ലക്ഷം കണക്ഷൻ ലക്ഷ്യമിട്ടെങ്കിലും ഇത്രയധികം ടാപ്പുകൾക്ക് നൽകാനുള്ള വെള്ളം ഉൽപാദിപ്പിക്കുന്നുണ്ടോ എന്ന പരിശോധനപോലും നടന്നില്ല.
സംസ്ഥാനത്ത് 75 ലക്ഷം കിണറുണ്ടെന്നാണ് കണക്ക്. രാജ്യത്തുതന്നെ കിണർ സാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കിണറുകളാണ് പ്രധാന കുടിവെള്ളാശ്രയവും. എന്നാൽ, കിണറുകളെ പാടേ അവഗണിച്ചാണ് പദ്ധതി തയാറാക്കുന്നത്.
കുടിവെള്ളമെന്നാൽ നദികളിലെയും മറ്റും വെള്ളം പ്ലാന്‍റുകളിൽ ശുചീകരിച്ച് പൈപ്പുകളിലൂടെ എത്തിക്കുന്നതാണെന്നാണ് കാഴ്ചപ്പാട്. കിണറുകളുടെ ഗുണനിലവാര പരിശോധന, മാലിന്യപ്രശ്നമുള്ളിടങ്ങളിൽ പരിഹാര നടപടികൾ, റീചാർജ് ഇടപെടലുകൾ എന്നിവയിലൂടെ കിണറുകളെ ശുദ്ധവും സുസ്ഥിരവുമാക്കി കുടിവെള്ളം ഉറപ്പാക്കാമെന്നിരിക്കെ ആ നിലയിലെ ആലോചനയൊന്നുമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.