അൻവറിനു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും; വിടുവായത്തം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സി.പി.എം
text_fieldsമലപ്പുറം: മതന്യൂനപക്ഷങ്ങളെ സി.പി.എമ്മിൽനിന്ന് അകറ്റാൻ ലക്ഷ്യമിട്ടുള്ള പി.വി. അൻവറിന്‍റെ ഗൂഢനീക്കത്തിനു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ഉൾപ്പെടെയുള്ള മതമൗലികവാദ സംഘടനകളാണെന്ന് സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
അൻവറിന്‍റെ പൊതുയോഗം വിജയിപ്പിക്കാൻ ഇത്തരം സംഘടനകൾ മുന്നിൽനിന്ന് പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം വിരുദ്ധരായ മറ്റു പാർട്ടികളും അൻവറിനെ പിന്തുണച്ചു. നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയെ മതമൗലികവാദിയായി ചിത്രീകരിച്ചത് ഇതിന്‍റെ ഭാഗമാണ്. ആർ.എസ്.എസിന്‍റെ വർഗീയ രാഷ്ട്രീയത്തെ ചങ്കുറപ്പോടെ നേരിട്ട സി.പി.എം നേതാക്കൾക്ക് അൻവറിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
രാഷ്ട്രീയാരോപണങ്ങൾക്ക് മറുപടി പറയുന്നതിനുപകരം വർഗീയ കാർഡിറക്കുന്നത് അംഗീകരിക്കാനാവില്ല. നമസ്കാരം തടയാൻ ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണ്. പാർട്ടി ഇസ്ലാംമത വിശ്വാസത്തിന് എതിരാണെന്ന് വരുത്തുകയാണ് ലക്ഷ്യം. ലക്ഷക്കണക്കിന് ഇസ്ലാംമത വിശ്വാസികൾ അംഗങ്ങളായ പാർട്ടിയാണ് സി.പി.എം. അവരുടെ വിശ്വാസകാര്യങ്ങളിൽ പാർട്ടി കൈകടത്താറില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എം.എൽ.എ ഫണ്ട് തടഞ്ഞെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിൽ ജില്ല നേതൃത്വം ഒരു ഇടപെടലും നടത്താറില്ല. നിലമ്പൂരിലെ പാർട്ടി സംഘടന സംവിധാനമാകെ ഒന്നിച്ചുനിന്നതിനാലാണ് രണ്ടു തവണയും അൻവറിന് ജയിക്കാനായത്.
ജില്ല സെക്രട്ടറിയുടെ പിതാവിനെപോലും അധിക്ഷേപിച്ച അൻവർ, പൊതുപ്രവർത്തകർക്ക് അപമാനമാണ്. സ്വാതന്ത്ര്യസമര പാരമ്പര്യം അവകാശപ്പെടുന്ന അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകൾ അദ്ദേഹത്തിന്‍റെ കുടുംബമഹിമക്ക് ചേർന്നതാണോയെന്ന് ആത്മപരിശോധന നടത്തണം. ജില്ല സെക്രട്ടറിക്കെതിരെ നടത്തുന്ന വിടുവായത്തം തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. വാർത്തസമ്മേളനത്തിൽ മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി, സംസ്ഥാന കമ്മിറ്റിയംഗം വി.പി. സാനു, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ വി.എം. ഷൗക്കത്ത്, പി.കെ. അബ്ദുല്ല നവാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.