ബൈബിൾ കത്തിച്ചവരെ മാതൃകപരമായി ശിക്ഷിക്കണം -ജമാഅത്തെ ഇസ്‌ലാമി
text_fieldsകോഴിക്കോട്: ബൈബിൾ അഗ്നിക്കിരയാക്കുകയും ദൃശ്യങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നും കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ അപകടപ്പെടുത്തുമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും മാതൃകപരമായി ശിക്ഷിക്കുകയും വേണം.
സ്വീഡനിൽ ഖുർആൻ കത്തിച്ചതിലുള്ള പ്രതിഷേധമാണ് ബൈബിൾ കത്തിക്കാനുള്ള ന്യായമെന്ന് പറയപ്പെടുന്നു. ഇത് അംഗീകരിക്കാനാവില്ല. ഒരു ഗ്രന്ഥവും വിയോജിപ്പിന്റെ പേരിൽ അനാദരിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യരുത്. ആശയ വ്യത്യാസങ്ങൾ ഉണ്ടായിരിക്കെതന്നെ അവ തമ്മിൽ സംവദിക്കുന്ന ആരോഗ്യകരമായ സാമൂഹികാന്തരീക്ഷമാണ് നിലനിൽക്കേണ്ടതെന്നും അബ്ദുൽ അസീസ് പറഞ്ഞു.
ബൈബിള്‍ കത്തിച്ചയാൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം -കെ.സി.ബി.സി
കൊച്ചി: ബൈബിൾ കത്തിച്ച സംഭവത്തിൽ കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) ആവശ്യപ്പെട്ടു. ബൈബിൾ കത്തിച്ച് അതിന്റെ വിഡിയോ എടുത്ത് പ്രചരിപ്പിച്ച് മതസൗഹാർദവും സമാധാനവും നശിപ്പിക്കാൻ ശ്രമിച്ചത് നിർഭാഗ്യകരവും അപലപനീയവുമാണ്. മതസ്പർധ വളർത്തുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.
ലോകത്ത് ഒരിടത്തും മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളിക്കപ്പെടരുത് എന്നതാണ് ക്രൈസ്തവ നിലപാട്. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് അതതു രാജ്യത്തെ പൗരന്മാരുടെ കടമയും ഭരണാധികാരികളുടെ ഉത്തരവാദിത്തവുമാണ്. ബൈബിള്‍ കത്തിച്ചയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച സർക്കാർ നടപടി സ്വാഗതാർഹമാണ്.
അർഹമായ ശിക്ഷ വാങ്ങി നൽകുന്നതിലും സർക്കാർ മാതൃകാപരമായി പ്രവർത്തിക്കണം. ഇത്ര ഗൗരവമായ സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടും രാഷ്ട്രീയ- സാംസ്കാരിക മേഖലകളിലുള്ളവർ പരസ്യമായി പ്രതികരിച്ചതായി കണ്ടില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും കെ.സി.ബി.സി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.