ജോർജ് എം. തോമസിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്
text_fieldsകോഴിക്കോട്: കേരളത്തിലെ കോളജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ചു ഐ.എസിലേക്കടക്കം റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയിൽ തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം. തോമസിന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമർശം സംഘടനയെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്.
രാജ്യത്തിലിന്നോളം വ്യത്യസ്ത മതസമൂഹങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിർത്തുംവിധമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജമാഅത്തെ ഇസ്‌ലാമിയെ ലൗ ജിഹാദ് പോലുളള വംശീയ വിദ്വേഷ പ്രയോഗങ്ങളിലേക്ക് ചേർത്തു വെക്കുന്നത് ബോധപൂർവമാണ്. രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ച് സമൂഹത്തിൽ വിവിധ സമുദായങ്ങൾക്കിടയിൽ മതസ്പർധ വളർത്താൻ ഉദ്ദേശിച്ചാണ് ജോർജ് എം. തോമസിന്റെ പ്രസ്താവനയെന്നും നോട്ടീസ് ആരോപിക്കുന്നു.
പ്രസ്താവന പിൻവലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീർത്തിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകത്തിന് വേണ്ടി അഡ്വ. അമീൻ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.