ജൻഒൗഷധിയിലെ പണപ്പിരിവ്; ബി.ജെ.പിക്ക് പുതിയ കുരുക്ക്
text_fieldsമലപ്പുറം: ജൻഒൗഷധി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടിന് ഒത്താശ ചെയ്തത് ബി.ജെ.പിയുടെ രണ്ട് സംസ്ഥാന നേതാക്കൾ. ജൻഒൗഷധി ഷോപ്പുകളുടെ നടത്തിപ്പിന് ബി.ജെ.പിക്ക് കീഴിൽ രൂപവത്കരിച്ച സൊസൈറ്റിയുടെ മറവിലും വൻ ക്രമക്കേട് അരങ്ങേറി. മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ കമീഷനായി നിയോഗിക്കപ്പെട്ട ഒരു നേതാവ് മാനദണ്ഡം മറികടന്ന് ജൻഒൗഷധി ഷോപ്പിന് അംഗീകാരം നേടിയെടുത്തതായി സൂചന ലഭിച്ചു. പാർട്ടി നോമിനിയായ ഒരു കരാർ ജീവനക്കാരി നാല് തെക്കൻ ജില്ലകളിൽ ഷോപ്പുടമകളിൽനിന്ന് വൻതോതിൽ പണപ്പിരിവ് നടത്തിയതായും ആരോപണമുയർന്നിട്ടുണ്ട്.
വിഷയത്തിൽ ആർ.എസ്.എസ് ഇടപെട്ടതോടെയാണ് ബി.ജെ.പിയിലും പ്രശ്നം പുകഞ്ഞുതുടങ്ങിയത്. മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട അന്വേഷണ കമീഷനംഗമായ സംസ്ഥാന നേതാവ് സമ്മർദം ചെലുത്തി ജൻഒൗഷധി ഷോപ്പ് നേടിയെടുത്തത് കോഴിക്കോട് ജില്ലയിലാണ്. പാർട്ടി ബന്ധമുള്ളയാൾക്ക് എന്ന പേരിലാണ് മാനദണ്ഡം മറികടന്ന് ഷോപ്പ് അനുവദിക്കാൻ ഇദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. തിരുവനന്തപുരം നഗരസഭയിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ജൻഒൗഷധിയിലെ ഒരു കരാർ ജീവനക്കാരി പാർട്ടി സ്വാധീനം മുതലെടുത്ത് നാല് തെക്കൻ ജില്ലകളിൽ വൻപിരിവ് നടത്തുന്നതായി ആക്ഷേപമുണ്ട്. മാർക്കറ്റിങ് വിഭാഗത്തിലുള്ള ഇവർ ഷോപ്പുകൾക്ക് അംഗീകാരം നൽകാൻ 7000 മുതൽ 10,000 രൂപവരെ േകാഴ വാങ്ങുന്നതായാണ് ആരോപണം.
സോഫ്റ്റ്വെയർ ഇൻസ്റ്റലേഷന് 5000 രൂപയാണ് കൈക്കൂലി. അംഗീകാരം നൽകിയ ഷോപ്പുകൾ മാറ്റാനും ഷോപ്പുകൾക്ക് സമീപം മറ്റൊന്ന് വരാതിരിക്കാനും ഇവർ വ്യാപകമായി പണം വാങ്ങുന്നതായും പരാതിയുണ്ട്. വിവിധ ജില്ലകളിൽ ബി.ജെ.പി നേതാക്കൾ ഇടനിലക്കാരെ വെച്ചും ജൻഒൗഷധി ഷോപ്പിന് അംഗീകാരം നൽകാൻ പണപ്പിരിവ് നടത്തിയതായും വെളിപ്പെട്ടു. പാർട്ടിക്ക് സംഭാവനയെന്ന നിലക്കാണ് പണപ്പിരിവ്.
ജൻഒൗഷധി ഷോപ്പുകളുടെ നടത്തിപ്പിനായി രൂപവത്കരിച്ച സൊസൈറ്റിക്ക് കീഴിൽ വിവിധ ജില്ലകളിലായി 25 ഷോപ്പുകൾ തുറക്കുകയും 120 ഷോപ്പുകളുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സൊസൈറ്റി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക പരാതിയാണ് ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിന് ലഭിച്ചത്. മലപ്പുറത്ത് പാർട്ടി ജില്ല നേതാവിനോടുപോലും ഷോപ്പനുവദിക്കാൻ പണം ചോദിച്ചതായി പരാതിയുണ്ട്. ജനറിക് മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് നൽകാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ജൻഒൗഷധി. ബി.ജെ.പി കേന്ദ്ര നേതൃത്വം പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കാൻ ജൻഒൗഷധി പദ്ധതിയെ ഉപയോഗിക്കുന്നതിനിടെയാണ് നാണക്കേടുണ്ടാക്കിയ പുതിയ വിവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.