സംസ്ഥാനത്ത് 460 ജന്‍ ഒൗഷധി ഷോപ്പുകള്‍ക്ക് അംഗീകാരം
text_fieldsപാലക്കാട്: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ‘പ്രധാനമന്ത്രി ജന്‍ ഒൗഷധി യോജന’ പദ്ധതി പ്രകാരം സംസ്ഥാനത്ത് 395 മെഡിക്കല്‍ ഷോപ്പുകള്‍ ഉടന്‍ തുടങ്ങും. വിവിധ ജില്ലകളിലായി 460 മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ബ്യൂറോ ഓഫ് ഫാര്‍മ പബ്ളിക് സെക്ടര്‍ അണ്ടര്‍ടേക്കിങ് ഓഫ് ഇന്ത്യ (ബി.പി.പി.ഐ) അംഗീകാരം നല്‍കി. ഇതില്‍ 65 എണ്ണം തുടങ്ങി. ബാക്കിയുള്ളവ ഒരു മാസത്തിനകം തുടങ്ങും. വ്യക്തികള്‍ക്ക് പുറമേ 15 സന്നദ്ധ സംഘടനകള്‍ക്കും ഏഴ് സഹകരണ സൊസൈറ്റികള്‍ക്കും ഷോപ്പുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ അലോപ്പതി ജനറിക് മരുന്നുകള്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് കേന്ദ്രം ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ ഒൗഷധി യോജന. 2007ല്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ജന്‍ ഒൗഷധി ഷോപ്പുകള്‍ ആരംഭിച്ചിരുന്നില്ല.
കഴിഞ്ഞ കേന്ദ്രബജറ്റില്‍ രാജ്യത്താകെ 3000 ജന്‍ ഒൗഷധി മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് ഫാര്‍മ പബ്ളിക് സെക്ടര്‍ അണ്ടര്‍ടേക്കിങ് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഷോപ്പുകളുടെ പ്രവര്‍ത്തനം. ബ്രാന്‍ഡ് നാമമില്ലാത്ത മരുന്നുകളാണ് ജന്‍ ഒൗഷധി വഴി വിലകുറച്ച് നല്‍കുന്നത്. 520 തരം ജീവന്‍രക്ഷാ മരുന്നുകളും 152 സര്‍ജിക്കല്‍ ഉപകരണങ്ങളും 50 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. റീട്ടെയില്‍ വ്യാപാരിക്ക് 20 ശതമാനം കമീഷനും പ്രതിമാസം 10,000 രൂപ ഇന്‍സെന്‍റീവും നല്‍കിയാണ് പ്രവര്‍ത്തനം. ഷോപ്പ് തുടങ്ങി 25 മാസത്തിനകം രണ്ടര ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ ഇന്‍സെന്‍റീവായി നല്‍കും. മരുന്നുകള്‍ക്ക് ഒരു മാസം ക്രെഡിറ്റ് അനുവദിക്കും. പൊതുമേഖല കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളാണ് ജന്‍ ഒൗഷധി ഷോപ്പുകള്‍ വഴി നല്‍കുന്നത്.
ബ്രാന്‍ഡ് നാമത്തിലുള്ള മരുന്നുകളുടെ അതേ ഗുണനിലവാരം ഇവയ്ക്കുമുണ്ട്. ബി.പി.പി.ഐ മുന്‍കൈയെടുത്ത് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) അക്രഡിറ്റേഷനുള്ള ലബോറട്ടറികളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയാണ് മരുന്നുകള്‍ റീട്ടെയില്‍ വ്യാപാരികള്‍ക്ക് വിതരണം ചെയ്യുക. പ്രമേഹം, പ്രഷര്‍, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള ഗുളികകളും ആന്‍റി ബയോട്ടിക്കുകളും കുറഞ്ഞ നിരക്കില്‍ ജന്‍ ഒൗഷധി വഴി ലഭ്യമാവും. നാപ്കിന്‍, ഗ്ളൗസ്, ബ്ളഡ്ബാഗ്, ഇന്‍ജക്ഷന്‍ സൂചി തുടങ്ങിയ സര്‍ജിക്കല്‍ ഉപകരണങ്ങളും പകുതി വിലയില്‍ ലഭിക്കും.
x
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.