പ്രതിരോധ ജാഥ; പിരിവിനായി മണൽ വാരൽ സംഘത്തെ ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന്
text_fieldsകോഴഞ്ചേരി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് സംഭാവനതേടി മണൽ വാരൽ സംഘത്തെ ഭീഷണിപ്പെടുത്തുന്ന പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്. 15,000 രൂപ സംഭാവന തന്നില്ലെങ്കില്‍ കാണിച്ചു തരാമെന്നാണ് ഭീഷണി.
സി.പി.എം തോട്ടപ്പുഴശ്ശേരി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യു ഭീഷണി മുഴക്കുന്നുവെന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. പമ്പ നദിയില്‍നിന്ന് അനധികൃതമായി മണല്‍ വാരുന്നവരുമായുള്ള സംഭാഷണമാണിത്. 3000 രൂപ വേണേല്‍ തരാമെന്ന് പറയുന്ന മണല്‍ വാരലുകാരനോട് നിന്നെയൊക്കെ കാണിച്ചുതരാമെന്ന് സെക്രട്ടറി പറയുന്നുണ്ട്. പാർട്ടിയെ സഹായിച്ചാൽ തിരിച്ചും ഉപകാരമുണ്ടാകുമെന്നും വെറുപ്പിച്ചാൽ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും പറയുന്നു.
കോഴഞ്ചേരിയോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്താണ് തോട്ടപ്പുഴശ്ശേരി. ഇവിടെ പണ്ട് മണല്‍ വാരിയിരുന്ന കടവുകള്‍ പഞ്ചായത്ത് പൂട്ടി സീല്‍ ചെയ്തിരിന്നു. ഈ പൂട്ട് താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് വാരിയ മണല്‍ കടത്തുന്നതെന്ന് സംഭാഷണത്തിൽനിന്ന് വ്യക്തമാണ്. ബ്രാഞ്ച് സെക്രട്ടറി ചോദിക്കുന്നത് ഒരു ലോഡ് മണല്‍ സൈറ്റില്‍ കൊടുക്കുമ്പോള്‍ ലഭിക്കുന്ന പണമാണ്. എന്നാല്‍, ഒരു ലോഡ് മണലിന് തങ്ങള്‍ക്ക് കിട്ടുന്നത് വെറും 4000 രൂപ മാത്രമാണെന്നാണ് വാരലുകാരന്‍ പറയുന്നത്.
ജാഥയില്‍ പങ്കെടുക്കാന്‍ ഒരു ബസ് പത്തനംതിട്ടക്ക് പോകണമെങ്കില്‍ 5000 രൂപ കൊടുക്കണം. അതുകൊണ്ട് 15,000 രൂപയില്‍ ഒരു പൈസപോലും കുറയില്ല. അല്ലെങ്കില്‍ പൊലീസിനെക്കൊണ്ട് നിന്നെയൊക്കെ പിടിപ്പിക്കും എന്നും അരുണ്‍ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് പാർട്ടിതലത്തിൽ അന്വേഷിക്കുമെന്ന് മുതിർന്ന സി.പി.എം നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.