നവവരന്‍റെ മരണം ഫോട്ടോഷൂട്ടിനിടെയല്ലെന്ന് പൊലീസ്; ദുരന്തമുണ്ടായത് ബന്ധുക്കളോടൊപ്പം ജാനകിക്കാട്ടിലെത്തിയപ്പോൾ
text_fieldsകോഴിക്കോട്: ഇക്കോ ടൂറിസം കേന്ദ്രമായ കുറ്റ്യാടി ജാനകിക്കാട്ടിലെ പുഴയിൽ നവവരൻ മുങ്ങിമരിച്ച ദാരുണ സംഭവം ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസും ബന്ധുക്കളും. തിങ്കളാഴ്ച രാവിലെ 11ഓടെ സ്ഥലം സന്ദർശിക്കാൻ കുടുംബസമേതം എത്തിയപ്പോഴായിരുന്നു അപകടം. പാലേരി സ്വദേശിയായ രജിൽലാൽ (28) ആണ് മുങ്ങിമരിച്ചത്. ഭാര്യ കനികയും ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. ഇവർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഫോട്ടോഷൂട്ടിനിടെയാണ് അപകടമുണ്ടായത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ, ജാനകിക്കാട് സന്ദർശിക്കാനെത്തിയതിനിടെ അപകടത്തിൽ പെടുകയായിരുന്നു. വേനലിലും നിറയെ വെള്ളമുള്ള ചവറമൂഴി മേഖലയിലായിരുന്നു അപകടം. രജിൽലാലിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഉടൻ പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നീട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ മാർച്ച് 14നായിരുന്നു രജിൽലാലിന്‍റെയും കനികയുടെയും വിവാഹം. കനികയുടെ വീട്ടിൽ നിന്ന് ഒന്നരകിലോമീറ്റർ അകലെയാണ് അപകടമുണ്ടായ പുഴ. ഇവർ ഫോട്ടോഷൂട്ടിനായി നേരത്തെ ഇവിടെ വന്നിരുന്നതായി പറയുന്നുണ്ട്. ഇതിന് ശേഷമാണ് ബന്ധുക്കളുമായി പിന്നീട് വീണ്ടും സന്ദർശനത്തിനെത്തിയത്.
ഒഴുക്കും ചുഴികളും; ഉരുളൻകല്ല് നിറഞ്ഞ അപകടമേഖല
ഇക്കോ ടൂറിസം കേന്ദ്രമാണ് ജാനകിക്കാട്. കുറ്റ്യാടിപ്പുഴയുടെ ഭാഗമായ ചവറംമൂഴിപ്പുഴ ഒഴുകുന്നത് ഇതിലൂടെയാണ്. കാടും പുഴയും മനോഹരമായ പ്രകൃതിഭംഗിയും ഒരുമിക്കുന്ന ഇവിടെ ഫോട്ടോഷൂട്ടിനും അല്ലാതെയുമായി സ്ഥിരമായി സഞ്ചാരികളെത്താറുണ്ട്.
വളരെ പെട്ടെന്ന് വേലിയേറ്റവും ഒഴുക്കുമുണ്ടാകുന്ന പുഴയാണ് ചവറംമൂഴിപ്പുഴയെന്നാണ് നാട്ടുകാർ പറയുന്നത്. അപ്രതീക്ഷിതമായി ഒഴുക്കുണ്ടാകുകയും പെട്ടെന്നു തന്നെ ശാന്തമാകുകയും ചെയ്യുന്നതാണ് പുഴയുടെ സ്വഭാവം. നിറയെ ഉരുളൻകല്ലുകളുള്ള പുഴ കൂടിയാണിത്. വലിയ ചുഴികളുമുണ്ട് ഇവിടെ. പുഴയുടെ സ്വഭാവം അറിയാത്തവർ പെട്ടെന്ന് അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. എന്നാൽ, മരിച്ച രജിൽലാൽ ഈ നാട്ടുകാരൻ തന്നെയാണ്. പുഴയുടെ സ്വഭാവത്തെക്കുറിച്ച് ബോധവാനായിരിക്കേണ്ടതാണ്. അതിനാൽ തന്നെ അബദ്ധത്തിൽ അപകടം സംഭവിച്ചതാകാനാണ് സാധ്യതയെന്നാണ് കരുതപ്പെടുന്നത്.
ജാനകിക്കാട്ടിൽ മുന്നറിയിപ്പ് നൽകാനുള്ള ആളുകളും മറ്റ് ഉദ്യോഗസ്ഥരുമില്ലെന്ന് പലപ്പോഴും പരാതി ഉയരാറുണ്ട്. സ്ഥിരം ഫോട്ടോഷൂട്ട് കേന്ദ്രമായ ഇവിടെ അല്ലാതെയും സഞ്ചാരികൾ എത്താറുണ്ട്. പലപ്പോഴും അപകടങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനാൽ, വേണ്ട സുരക്ഷാ സജ്ജീകരണങ്ങൾ ഇവിടെയൊരുക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.