'ജനം നിധി' ഉടമ അറസ്റ്റിൽ; വീട്ടമ്മമാരെയും യുവാക്കളെയും ഏജന്‍റുമാരാക്കി തട്ടിയത് കോടികൾ
text_fieldsപട്ടാമ്പി: കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പൊലീസിൽ കീഴടങ്ങി. കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പിൽ മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
നാലു വർഷം മുമ്പ് പട്ടാമ്പിയിൽ ആരംഭിച്ച സ്ഥാപനം ബിസിനസ് - വ്യക്തിഗത വായ്പകൾ, റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്‌സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നീ സേവനങ്ങളാണ് നൽകി വന്നിരുന്നത്. വീട്ടമ്മമാരെയും യുവാക്കളെയും കലക്ഷൻ ഏജന്‍റുമാരാക്കി ശേഖരിച്ച കോടികളുടെ നിക്ഷേപവുമായി ഉടമ മുങ്ങിയതായി കഴിഞ്ഞ മാസം 23നാണ് നിക്ഷേപകരും ജീവനക്കാരും പരാതിപ്പെട്ടത്.
പട്ടാമ്പിയിൽ 100ൽ അധികം ആളുകളിൽ നിന്നായി രണ്ടര കോടിയോളം രൂപയാണ് തട്ടിയെടുത്തത്. ജനം നിധി ലിമിറ്റഡിന്‍റെ പാലക്കാട്, ഗുരുവായൂർ, തൃശൂർ ശാഖകളിലും സമാനതട്ടിപ്പ് നടന്നിരുന്നു. നിക്ഷേപത്തിനൊപ്പം ചിട്ടി നടത്തിപ്പിലും നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു. നിക്ഷേപകർ പട്ടാമ്പി പൊലീസിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ പട്ടാമ്പി പൊലീസ് സ്ഥാപനത്തിൽ റെയ്ഡ് നടത്തി ഫയലുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.