ജനം ടിവി എം.ഡി ജി.കെ പിള്ള അന്തരിച്ചു
text_fieldsജനം ടിവി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മാനേജ്മെൻറ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ ജി.കെ പിള്ള, ആർ.എസ്.എസ് പാലക്കാട് നഗർ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.
1973ൽ പിലാനിയിലെ ബിറ്റ്‌സിൽ നിന്നും ബിരുദം നേടിയ ജി.കെ. പിള്ള പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളിലും മാനുഫാക്‌ചറിങ് മേഖലയിൽ 47 വർഷത്തിലേറെ പ്രഫഷണൽ അനുഭവസമ്പത്തുള്ള മാനേജ്മെന്റ് വിദഗ്ധനുമാണ്. കഴിഞ്ഞ എട്ടു വർഷമായി വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായിരുന്നു. 2020 മാർച്ചിൽ വിരമിച്ച ശേഷം വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമായി പ്രവർത്തിച്ചു വരികയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിങ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിങ് കോർപറേഷൻ ലിമിറ്റഡ് റാഞ്ചി, എച്ച്.എം.ടി മെഷീൻ ടൂൾസ് ലിമിറ്റഡ് ബാംഗ്ലൂർ എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു. യു.എസ് സംയുക്ത സംരംഭമായ ഫിഷർ സാൻമാർ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്‌സിക്യൂട്ടീവായും ജി.കെ പിള്ള പ്രവർത്തിച്ചിട്ടുണ്ട്.
ഇന്നവേഷൻ ആൻഡ് ഇൻഡസ്ട്രി അക്കാദമിയ സഹകരണത്തിന്റെ വക്താവായ അദ്ദേഹം, രാജ്യത്തിന്റെ "ആത്മനിർഭർ ഭാരത്" അഭിയാനിൽ പ്രധാന പങ്ക് വഹിച്ച് വരികയായിരുന്നു. ദേശീയ, അന്തർ ദേശീയ ഫോറങ്ങളിൽ ധാരാളം അവാർഡുകൾ നേടിയിട്ടുള്ള പിള്ള, ദേശീയഹോക്കി താരവുമായിരുന്നു.
ജി.കെ പിള്ളയുടെ നിര്യാണത്തിൽ കെ. സുരേന്ദ്രൻ അനുശോചിച്ചുതിരുവനന്തപുരം: ജനം ടിവി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ളയുടെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അനുശോചിച്ചു. മാനേജ്‌മെൻറ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ ജി.കെ പിള്ളയുടെ വിയോഗം ജനം ടിവിക്ക് വലിയ നഷ്ടമാണ്. ആർ.എസ്.എസ് പാലക്കാട് നഗർ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായ വിടവാങ്ങൽ ദേശീയ പ്രസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.