കാക്കിക്കുള്ളിലെ കനിവ്; ജോഗിക്ക് തണലൊരുക്കി അഭിജിത്തും മിഥുനും
text_fieldsമാനന്തവാടി: ജനമൈത്രി എന്നത് വെറും വാക്കല്ലെന്ന് തെളിയിക്കുകയാണ് വയനാട് തിരുനെല്ലി സ്റ്റേഷനിലെ രണ്ട് പൊലീസുകാർ. മക്കൾ പോലും തിരിഞ്ഞുനോക്കാതെ വിസർജ്യത്തിൽ കിടന്ന് അന്നപാനീയങ്ങളില്ലാതെ നരകിച്ച ജോഗി എന്ന ആദിവാസി വയോധികനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിന്റെ ആഹ്ലാദത്തിലാണ് പാൽവെളിച്ചം സ്വദേശിയായ മിഥുനും പടമല സ്വദേശിയായ അഭിജിത് പോളും.
തിരുനെല്ലി സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് പൊലീസുകാരാണ് ഇരുവരും. കഴിഞ്ഞ ദിവസം പതിവുപോലെ ആദിവാസി കോളനികളിൽ സന്ദർശനത്തിനിറങ്ങി. ചക്കിണി കോളനിയിലെത്തിയപ്പോഴാണ് ജോഗിയുടെ അവസ്ഥ അറിഞ്ഞ് ഇരുവരും അങ്ങോട്ട് ചെന്നത്.
അടച്ചിട്ട ഒറ്റമുറി വീട്ടിൽ ദുർഗന്ധം വമിക്കുന്ന ചുറ്റുപാടിൽ അവശനായി, പരിചരിക്കാൻ ആരുമില്ലാതിരുന്ന 67കാരനെയാണ് ഇരുവരും കണ്ടത്. ചോദ്യങ്ങൾക്കു ഞരക്കം മാത്രമായിരുന്നു മറുപടി. ഇവർ ആദ്യം ചെയ്തത് ഹോട്ടലിൽനിന്ന് ഭക്ഷണം എത്തിച്ച് ജോഗിക്കു വാരിക്കൊടുക്കുകയായിരുന്നു.
തുടർന്ന് ജോഗി കിടക്കുന്ന പരിസരം വൃത്തിയാക്കി. പിന്നീട്, പുറത്തുകൊണ്ടുവന്നു കുളിപ്പിച്ച് വസ്ത്രം മാറ്റിക്കൊടുത്തു. തുടർന്ന് ട്രൈബൽ പ്രമോട്ടറെയും വകുപ്പ് ഉദ്യോഗസ്ഥനെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിച്ചു. ട്രൈബൽ ഓഫിസർ അനുവദിച്ച ആംബുലൻസിൽ മാനന്തവാടി ജില്ല ആശുപത്രിയിലെത്തിച്ചു. സഹായത്തിന് വാർഡംഗവും എത്തി.
ജോഗിയെ സ്ഥിരമായി താമസിപ്പിക്കാനുള്ള സ്ഥാപനത്തിനായുള്ള അന്വേഷണം തുടരുകയാണ്. മികച്ച പരിചരണം ലഭിക്കുന്ന കാരുണ്യ മന്ദിരത്തിൽ ജോഗിയെ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.