ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയടക്കം മൂന്നു പേർ അറസ്റ്റിൽ
text_fieldsകൊച്ചി/ തൃപ്പൂണിത്തുറ: ജനസേവ ശിശുഭവനിൽ കുട്ടികൾ പീഡനത്തിനിരയായെന്ന പരാതിയിൽ സ്ഥാപനത്തിെൻറ ചെയർമാൻ ആലുവ തായിക്കാട്ടുകര പെരിയാർ ഹെറിറ്റേജിൽ ജോസ‌് മാവേലി (68) ഉൾപ്പെടെ മൂന്നുപേരെ ക്രൈംബ്രാഞ്ച‌് അറസ‌്റ്റ‌് ചെയ‌്തു. ജനസേവ ജീവനക്കാരൻ പത്തനംതിട്ട കൊറ്റനാട്ടുകര കരിയംപ്ലാവ‌് കരിപ്പൊഴിക്കൽ വീട്ടിൽ റോബിൻ (32), ജനസേവയിലെ അന്തേവാസിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഒാഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ‌്റ്റ‌്.
ജനസേവയിലെ കുട്ടികൾ ശാരീരികവും മാനസികവുമായി പീഡനം നേരിട്ടതായി സംസ്ഥാനത്തെ വിവിധ പൊലീസ‌് സ‌്റ്റേഷനിൽ പരാതി ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത യുവാവ‌് അന്തേവാസിയായ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ‌് നടപടി. രണ്ടു വർഷം മുമ്പായിരുന്നു കേസിനാസ‌്പദമായ സംഭവം.
പീഡനവിവരം കുട്ടികൾ അറിയിച്ചിട്ടും രഹസ്യമാക്കിെവച്ചുവെന്ന കുറ്റത്തിൽ പോക‌്സോ നിയമപ്രകാരമാണ‌് ജോസ‌് മാവേലിക്കും റോബിനുമെതിരെ കേസെടുത്തതെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ‌്.പി വൈ.ആർ റസ്റ്റം പറഞ്ഞു. മനുഷ്യക്കടത്തിനും കേസെടുത്തിട്ടുണ്ട്. യുവാവിനെ എറണാകുളം പോക‌്സോ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക‌് മാറ്റി. ജോസ‌് മാവേലിയെയും റോബിനെയും ആലുവ മജിസ‌്ട്രേറ്റ‌് കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ‌്തു. ഇവർ കേസിൽ അഞ്ചും ആറും പ്രതികളാണ്.
കുറ്റിപ്പുറം, ചെങ്ങമനാട‌്, അയിരൂർ, തങ്കമണി സ‌്റ്റേഷനുകളിൽ കുട്ടികളുടെ പരാതിയിൽ ജനസേവക്കെതിരെ കേസെടുത്തിരുന്നു. തുടർന്നാണ് കേസ‌് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച‌് അന്വേഷണത്തെ തുടർന്ന‌് വെള്ളിയാഴ‌്ച ഉച്ചയോടെയാണ‌് അറസ‌്റ്റ‌്. പലതരത്തിൽ നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കുട്ടികളെ പാർപ്പിക്കുന്നതിലെ സുരക്ഷിതത്വമില്ലായ്മ ശിശുക്ഷേമസമിതി ചുണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് അന്തേവാസികളെയടക്കം സർക്കാർ ഏറ്റെടുത്തത്.
ജുവനൈൽ ജസ്റ്റിസ് നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന‌് ജനസേവ ശിശുഭവൻ അടുത്തിടെ സർക്കാർ ഏറ്റെടുത്തിരുന്നു. അതേസമയം താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും സാമൂഹിക നീതി സെക്രട്ടറി ബിജു പ്രഭാകറും ശിശുക്ഷേമ സമിതി ജില്ല ചെയർപേഴ്സനും പക പോക്കുകയാണെന്നും ജോസ് മാവേലി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.