ജനസേവ ഏറ്റെടുത്തത് പരാതികളുടെ അടിസ്ഥാനത്തിൽ -മന്ത്രി ശൈലജ
text_fieldsകൊച്ചി: നിരവധി പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തതെന്ന് മന്ത്രി കെ.കെ. ശൈലജ. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. 21ന് പരിഗണിക്കും. കുട്ടികളെ രക്ഷിക്കാൻ മറ്റുവഴിയില്ലെന്ന ഘട്ടത്തിലാണ് സ്ഥാപനം സർക്കാർ ഏറ്റെടുക്കണമെന്ന് സാമൂഹികനീതി വകുപ്പ് ആവശ്യപ്പെട്ടത്. തുടർ നടപടികൾക്ക് കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു.
ശിശുഭവെൻറ പ്രവർത്തനം അനധികൃതമാണെന്ന പരാതികൾ സംസ്ഥാന, കേന്ദ്ര സർക്കാറുകൾക്ക‌് ലഭിച്ചിട്ടുണ്ട‌്. ശിശുഭവൻ സാമൂഹികക്ഷേമ വകുപ്പ‌് ഏറ്റെടുത്ത കാര്യം കോടതിയെ അറിയിക്കും. അന്തേവാസികളെ ഭിക്ഷാടനത്തിനും മറ്റും പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയോയെന്ന‌് അന്വേഷിക്കും. കുട്ടികളുടെ എണ്ണം, വിവരങ്ങൾ തുടങ്ങിയവയൊന്നും സ്ഥാപനം സൂക്ഷിച്ചിട്ടില്ലെന്നാണ് മനസ്സിലായത്.
നേരേത്തയുള്ള അത്രയും കുട്ടികൾ ഇപ്പോൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലായത്. ചില കുട്ടികളെ രക്ഷിതാക്കളുടെ കൂടെ പറഞ്ഞയച്ചതായി ജനസേവ അധികൃതർ പറയുന്നുണ്ട്. അതിനും രേഖയില്ല. കുട്ടികളെ കണ്ടെത്തുകയും രക്ഷിതാക്കളുള്ളവരെ അവരോടൊപ്പം അയക്കുകയും വേണം. ബാക്കിയുള്ളവർക്ക് സംരക്ഷണവും നൽകേണ്ടതുണ്ട്. നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന സ്ഥാപനങ്ങൾ നിലനിൽക്കണമെന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.